ജക്കാര്‍ത്ത-ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ കുലുങ്ങി. ജനം പരിഭ്രാന്തരായി. വ്യാഴാഴ്ച രാത്രി 11.17ന് അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ ടെര്‍നേറ്റ് ദ്വീപില്‍ നിന്ന് 83 മൈല്‍ അകലെ കടലില്‍ 39 മൈല്‍ അടിയിലാണ്. തുടര്‍ന്നാണ് പ്രഭവകേന്ദ്രത്തിന്റെ സമീപമേഖലകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം, സമുദ്രനിരപ്പില്‍ കാര്യമായ ഉയര്‍ച്ച അനുഭവപ്പെടുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. 20 ഇഞ്ച് തിരമാല ഉയരുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും ജാഗ്രത പാലിക്കണം. കഴിഞ്ഞ ജൂലൈയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലുണ്ടായിരുന്നു.