അഹമ്മദാബാദ്- ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലേക്ക് മാറ്റി. ബി.ജെ.പിയിലേക്ക് കോൺഗ്രസ് എം.എൽ.എ മാർ കൂടുമാറുന്നതിനിടെയാണ് കോൺഗ്രസ് നീക്കം. ഇതോടകം ആറ് എം.എൽ.എമാർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇത് തടയുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച രാത്രി 44 എം.എൽ.എ മാരെ ബംഗളൂരവിലേക്ക് മാറ്റിയത്. അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ വിജയം എം.എൽ.എമാരുടെ കൂടുമാറ്റത്തെതുടർന്ന് തുലാസിലാണ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശങ്കർ സിംഗ് വഗേല പാർട്ടിയിൽനിന്ന് രാജിവെച്ചതോടെയാണ് ഗുജറാത്തിൽ കോൺ്ഗ്രസ് പ്രതിസന്ധിയിലായത്. പണവും കായികശേഷിയും അധികാരവും ഉപയോഗിച്ച് ജനാധിപത്യത്തെ ബി.ജെ.പി വിലക്കെടുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കുതിരക്കച്ചവടത്തിനായി കോടികൾ ബി.ജെ.പി ഒഴുക്കുന്നതായും കോൺഗ്രസ് ആരോപിക്കുന്നു. മുഴുവൻ സാമാന്യമര്യാദകളും നിയമങ്ങളും ലംഘിച്ചാണ് ബി.ജെ.പി ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വി പറഞ്ഞു. ഈ മാസം എട്ടിനാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്ക് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണ്.