മുംബൈ- മഹാരാഷ്ട്രയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. ഈ സർക്കാർ കാലാവധി തികയ്ക്കുമെന്നും ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും ശരദ് പവാർ വ്യക്തമാക്കി. പൊതുമിനിമം പരിപാടിയുടെ ഭാഗമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു പാർട്ടികളുടെയും പ്രതിനിധികൾ നാളെ ഗവർണറെ സന്ദർശിക്കുമെന്നും പവാർ വ്യക്തമാക്കി.
ശിവസേന-എൻ.സി.പി-കോൺഗ്രസ് സർക്കാർ ആറുമാസം മാത്രമേ നിലനിൽക്കൂവെന്ന മുൻ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നവിസിന്റെ പ്രസ്താവന തമാശയാണെന്നും പവാർ പറഞ്ഞു. ഞാൻ വീണ്ടും വരുമെന്ന ഫഡ്‌നവിസിന്റെ അവകാശവാദം പോലെ ഇതും അബദ്ധമായിരിക്കുമെന്ന് പവാർ തിരിച്ചടിച്ചു. കാലാവധി അവസാനിക്കുന്നത് വരെ മുഖ്യമന്ത്രി പദവി ശിവസേനക്കായിരിക്കുമെന്ന പ്രസ്താവനയെ പറ്റി ചോദിച്ചപ്പോൾ ഇത്തരം കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു പവാറിന്റെ മറുപടി.