ന്യൂദൽഹി- മഹാരാഷ്ട്രയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഹരജി ഇപ്പോൾ പരിഗണിക്കില്ലെന്നും വിഷയത്തിൽ പിന്നീട് വാദം കേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികൾ വോട്ടെടുപ്പിന് ശേഷം അധികാരത്തിലെത്താനായി സഖ്യമുണ്ടാക്കി വോട്ടർമാരെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് പ്രമോദ് പണ്ഡിറ്റ് ജോഷിയാണ് ഹരജി നൽകിയത്. ബി.ജെ.പിക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സേനയുടെ നിലപാട് മാറ്റം എൻ.ഡി.എയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്നതാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു.