ന്യൂദൽഹി- മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനം ഇസ്‌ലാം വിലക്കുന്നില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അഭിഭാഷകൻ സഫർയാബ് ജിലാനി. പള്ളിയിലേക്കുള്ള സ്ത്രീകളുടെ വിലക്ക് ചിലർ തെറ്റായി വ്യാഖ്യാനിച്ചുണ്ടാക്കിയതാണെന്നും പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് സുപ്രീം കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചതെന്നും സഫർയാബ് ജിലാനി പറഞ്ഞു. പള്ളിയിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചാൽ അത് ഇസ്ലാമിക വിരുദ്ധമാണ്. മക്കയിലും മദീനയിലും പോലും നിയന്ത്രണങ്ങൾ മാത്രമാണുള്ളത്. ഈ കേസിൽ മുസ്‌ലിം വ്യക്തിനിയമ ബോർഡ് എതിർ സത്യവാങ്മൂലം സമർപ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി.
പള്ളികളിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികൾ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ടിരുന്നു. പുണെയിൽ നിന്നുള്ള ദമ്പതികളായ യാസ്മീൻ സുബേർ അഹമ്മദ് പീർസാദെ, സുബേർ അഹമ്മദ് പീർസാദെ എന്നിവരാണ് ഹരജി സമർപ്പിച്ചത്.