താനെ- മറാത്തി ചലച്ചിത്ര പിന്നണി ഗായിക ഗീത മാലി റോഡപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു. അമേരിക്കയിൽ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ഗീത മാലിയും ഭർത്താവ് വിജയും. ഇവരുടെ വാഹനം മുംബൈ-ആഗ്ര ഹൈവേയിൽ അപകടത്തിൽപ്പെടുകയായിരുന്നു. നാസിക്കലെ വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. റോഡരികിൽ നിർത്തിയിട്ട കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗീത മാലിയെ രക്ഷിക്കാനായില്ല.
രണ്ടു മാസത്തെ അമേരിക്കൻ പര്യടനം പൂർത്തിയാക്കി മുംബൈ വിമാനതാവളത്തിൽ ഇറങ്ങിയ ഉടൻ ഗീതാ മാലി ഫെയ്‌സ്ബുക്കിൽ വിമാനതാവളത്തിൽനിന്നുള്ള സെൽഫി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം ഏതാനും മിനിറ്റുകൾക്കകമായിരുന്നു അപകടമുണ്ടായത്. നിരവധി ആൽബങ്ങളും ഗീത മാലി സംവിധാനം ചെയ്തിട്ടുണ്ട്.