Sorry, you need to enable JavaScript to visit this website.

ജാര്‍ഖണ്ഡില്‍ ബിജെപി ഒറ്റയ്ക്ക്; സീറ്റു വീതംവെപ്പ് തര്‍ക്കത്തെ ചൊല്ലി സഖ്യകക്ഷികള്‍ കൈവിട്ടു

ന്യൂദല്‍ഹി- ജാര്‍ഖണ്ഡില്‍ ഈ മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയനും ഒറ്റയ്ക്കു മത്സരിക്കും. സീറ്റുകള്‍ പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂത്തതോടെ സഖ്യകക്ഷികള്‍ വേര്‍പിരിയുകയായിരുന്നു. ഇതോടെ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് സഖ്യ കക്ഷികള്‍ ആരും ഇല്ലാതായി. മുന്‍ സഖ്യമായിരുന്ന ലോക് ജന്‍ശക്തി പാര്‍ട്ടി ഇത്തവണ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബിഹാറില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് ലോക് ജന്‍ശക്തി പാര്‍ട്ടി. എന്നാല്‍ ജാര്‍ഖണ്ഡിലെ 50 സീറ്റുകളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചത്. 

അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് ബിജെപി 53 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 27 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കൂടി ഉടന്‍ പ്രഖ്യാപിക്കും. ഹുസൈനാബാദ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിനോദ് സിങിനെ ബിജെപി പിന്തുണയ്ക്കും. കഴിഞ്ഞ തവണ 73 മണ്ഡലങ്ങളില്‍ മത്സരിച്ച ബിജെപി 37 സീറ്റുകളിലാണ് ജയിച്ചത്. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്‍ മത്സരിച്ച എട്ടു സീറ്റുകളില്‍ അഞ്ചിടത്തും ജയിച്ചിരുന്നു. ലോക് ജന്‍ശക്തി പാര്‍ട്ടി മത്സരിച്ച ഒരു സീറ്റില്‍ പരാജയപ്പെട്ടിരുന്നു. 

ഇത്തവണ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്‍ 19 സീറ്റുകളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി ഒമ്പത് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ തയാറായിരുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്‍ 12 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ നാലിടത്ത് ബിജെപി നേരത്തെ സ്ഥാനാര്‍ത്ഥികളെ പഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ ഒരു സീറ്റില്‍ മത്സരിച്ചു തോറ്റ ലോക് ജന്‍ശക്തി പാര്‍ട്ടി ഇത്തവണ ആറു സീറ്റാണ് ബിജെപിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു സീറ്റു മാത്രമെ നല്‍കൂവെന്ന് ബിജെപി നിലപാടെടുത്തതോടെ അവരും സഖ്യം ഉപേക്ഷിച്ചു. 

നവംബര്‍ 30നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്. ഡിസംബര്‍ 23ന് ഫലം പ്രഖ്യാപിക്കും.
 

Latest News