മുംബൈ-മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് വാക്കു നല്‍കിയിട്ടില്ലെന്ന് അമിത് ഷാ കള്ളം പറയുകയാണെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയുമായി നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിക്കാതെ അമിത് ഷാ മോഡിയെ ഇരുട്ടിലാക്കുകയാണെന്നും റാവത്ത് ആരോപിച്ചു. ശിവസേനയില്‍ നിന്നുള്ളയാളാകും മുഖ്യമന്ത്രിയെന്ന് ഉദ്ധവ് താക്കറെ അറിയിച്ചിരുന്നെന്നും അപ്പോള്‍ ബിജെപി എന്താണ് എതിര്‍ക്കാതിരുന്നതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. വാക്ക് നല്‍കിയിട്ട് അത് പാലിക്കാതെ ഇത്രയും നാള്‍ മിണ്ടാതിരുന്നു. ഇപ്പോഴത്തെ ഭീഷണി കണ്ട് സേന പേടിക്കില്ലെന്നും മരിക്കാന്‍ തയാറായി തന്നെയാണ് നില്‍ക്കുന്നതെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.മുഖ്യമന്ത്രിസ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസാകും എത്തുകയെന്ന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോഡി ആവര്‍ത്തിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് ശിവസേന പ്രതികരിക്കാതിരുന്നതെന്ന് അമിത് ഷാ നേരത്തെ ചോദിച്ചിരുന്നു.