ബംഗളൂരു- കര്‍ണാടകയില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമതരില്‍ 13 പേര്‍ക്ക് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നല്‍കി. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാനായി രാജിവെച്ച 17 വിമതരില്‍ 13 പേരെയാണ് ബി.ജെ.പി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എം.എല്‍.എ സ്ഥാനം മാത്രമല്ല, ചിലര്‍ മന്ത്രി സ്ഥാനം പോലും ത്യജിച്ചതിനാലാണ് തനിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചതെന്ന് വിമതര്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ യെദ്യൂരപ്പ പറഞ്ഞിരുന്നു.
15 മണ്ഡലങ്ങളിലും ബി.ജെ.പി വന്‍ വിജയം നേടുമെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എമാര്‍ ഭാവി എം.എല്‍.എമാരും മന്ത്രിമാരും ആണെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ താഴെയിറക്കാനും ബി.ജെ.പിക്ക് വഴിയൊരുക്കാനും 14 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് രാജിവെച്ചിരുന്നത്.
നിലവില്‍ 106 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഉപതെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലെങ്കിലും ജയിക്കണം. 224 അംഗ നിയമസഭയില്‍ 113 ആണ് കേവല ഭൂരിപക്ഷം. നിലവില്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും 101 അംഗങ്ങളാണുള്ളത്.