ബാങ്കോക്ക്- ചാര്‍ജ് ചെയ്യാനിട്ട ഫോണില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 40 കാരന്‍ മരിച്ചു. തായ്‌ലാന്റിലാണ് സംഭവം. റെസ്‌റ്റോറന്റിലെ പാചക തൊഴിലാളിയായ സോംചായി സിങ്കോണ്‍ എന്നയാളാണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന ഫഌറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ പ്ലഗില്‍ ചാര്‍ജ് ചെയ്യാനിട്ട നിലയില്‍ സമീപത്തുണ്ടായിരുന്നു. ഇയര്‍ഫോണ്‍ കണക്ട് ചെയ്ത് ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരിക്കെ ഉറങ്ങിപ്പോയതാണെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇയാളുടെ മുറിയില്‍ കൂടെ താമസിച്ചിരുന്ന സായിങ് ആണ് മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ച് റെസ്‌റ്റോറന്റ് ഉടമ എത്തുമ്പോഴേക്കും മരിച്ചിരുന്നു.
ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴായാലും ഇയര്‍ഫോണ്‍ ഘടിപ്പിച്ച് ഫോണില്‍ ഫുട്‌ബോള്‍ മത്സരം കാണുകയോ സംഗീതം കേള്‍ക്കുകയോ ആണ് സോംചായിയുടെ പതിവെന്ന് കൂടെ താമസിക്കുന്ന സായിങ്് പറഞ്ഞു.
സോംചായിയുടെ റൂമില്‍നിന്ന് ഒഴിഞ്ഞ ശീതളപാനീയ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് ഷോക്കേറ്റാണ് മരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്ന് തായ്‌ലന്‍ഡ് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.