കോഴിക്കോട്- വീൽ ചെയർ കയറാൻ സൗകര്യമില്ലാത്തതിനാൽ പള്ളിയിൽ പ്രാർത്ഥനക്കായി എത്താൻ കഴിയാത്തതിന്റെ സങ്കടം ചാലിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇഖ്ബാൽ അരീക്കൻ എന്നയാളാണ് സങ്കടം വിവരിച്ചത്. പള്ളിയിൽ വീൽ ചെയർ കയറിയാൽ ചളിയാകുമെന്ന് പറഞ്ഞ് ചിലർ അകറ്റിനിർത്തുകയാണെന്നും യുവാവ് പറയുന്നു.
ഫെയ്‌സ് ബുക്ക് പോസ്റ്റ്:
എന്റെ നാട്ടില് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള പള്ളി ആണ് ഇത്.മിക്കവാറും സമയങ്ങളിലൊക്കെനമസ്‌കാരത്തിന് ഞാൻ ഇവിടെ തന്നെയാണ് ഉണ്ടാവാറ്. എല്ലാ നമസ്‌കാരങ്ങളും ദാ ഈ പടിക്ക് പുറത്ത് നിന്ന്,മാറ്റി നിർത്തപെട്ടവനെ പോലെ സുജൂദിൽ വീണ് മടങ്ങാറാണ് പതിവ്.പടപ്പുകൾക്കല്ലേ ആട്ടിയകറ്റാൻ പറ്റൂ,പടച്ചവനാൽ അങ്ങനെ മാറ്റി നിർത്തപ്പെടില്ല എന്ന് ബോധ്യപെടൽ ആ സുജൂദിലാണ്.
കണ്ണീരിൽ കുതിരുന്ന പ്രാർത്ഥനകളിൽ ആ സ്വഫിൽ പോയി ഇരുന്ന് നിസ്‌കരിക്കാനാവണേ എന്ന് പറയാതെ പോവാറില്ല.എങ്കിലും എനിക്ക് മാത്രം ആയത് കൊണ്ട് ഞാൻ അങ്ങനെ ആരോടും പറയാനും പോയിരുന്നില്ല.
മുമ്പൊക്കേ വീട്ടിൽ വന്ന് കണ്ടിരുന്ന സുഹൃത്തുക്കൾ ഇപ്പൊ സ്ഥിരമായി ഷോപ്പിൽ വന്ന് കാണാൻ തുടങ്ങിയപ്പോൾ നിസ്‌കാരസമയങ്ങളിൽ അവർ ചോദിക്കാറുമുണ്ട്,പള്ളിയിൽ വീൽചെയർ കയറോ?
ഇല്ലെന്ന് ഒരുപാട് തവണ സങ്കടത്തിൽ പലരോടും പറഞ്ഞതിന് ശേഷമാണ് പള്ളി അധികരികളോടും ഇമാമിനോടും അങ്ങനെ ഒരു സൗകര്യം ഒരുക്കുന്നതിനെകുറിച്ച് സംസാരിച്ചത്. മുട്ടാപോക്ക് ന്യായങ്ങളോടെ നിഷേധാത്മകം ആയിരുന്നു നിലപാട്.ലോകത്തൊരു പള്ളിയിലും വീൽചെയർ കയറ്റാനുള്ള സൗകര്യം ഇല്ലാന്ന് വരെ പറഞ്ഞു വെച്ച് ഒരു മഹാൻ.
ചളിയാവുമെന്ന് മറ്റൊരാൾ.
അപമാനിക്കപ്പെട്ടു മടങ്ങുമ്പോഴൊക്കെ ഇമാം ചേർത്തു പിടിച്ചു , ആശ്വസിപ്പിച്ചു .ശരിയാവും ,നമുക്ക് അവരെ പറഞ്ഞു മനസ്സിലാക്കാം..ഉസ്താദെ നന്ദിയുണ്ട് ഇങ്ങക്കെങ്കിലും എന്നെ മനസ്സിലായല്ലോ
തെറ്റ് എന്റേതാണ്,പ്രവാചകമുത്തിന്റെ മണൽ വിരിച്ച പള്ളിയിൽ നിന്ന് ഇറ്റാലിയൻ മാർബിളിന്റെ തണുപ്പിലേക് മാറിയത് ഞാനറിയാതെ പോയി.
എങ്കിലും കമ്മറ്റിക്കാരെ,
സങ്കടത്തോടെ ചോദിക്കട്ടെ,ഈ പറയുന്ന ചളിയാൽ തന്നെയല്ലേ നമ്മളെ ഒക്കെ പടച്ചോൻ പടച്ചത്...പടികൾ കെട്ടി പടപ്പുകളെ പുറത്ത് നിർത്തിയതിന്റെ കാരണത്താൽ നാളെ ഒരാളുടെ മുന്നിലും പടച്ചവൻ സ്വർഗ്ഗത്തിന്റെ വാതിലുകൾ അടച്ചിടാതിരിക്കട്ടെ...