ന്യൂദല്‍ഹി- റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിഷയത്തില്‍ ഇന്ന് സുപ്രീം കോടതി പറയാനിരിക്കുന്ന വിധി മോഡി സര്‍ക്കാറിന് നിര്‍ണായകം.
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി ഉണ്ടാക്കിയ കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം 2018 ഡിസംബര്‍ 14നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് തള്ളിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ അറിയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവില്‍ ഗുരുതരമായ തെറ്റുണ്ടെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും ഹരജിക്കാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗ്, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരുമാണ് പുനഃപരിശോധനാ ഹരജി നല്‍കിയത്.
ഇതിനു പിന്നാലെ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതും അതിനെ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരും ഇന്ത്യന്‍ നെഗോസ്യേഷന്‍ ടീമും എതിര്‍ത്തതുമായുള്ള രേഖകള്‍ ചൂണ്ടിക്കാട്ടി ദ ഹിന്ദു പുറത്തുവിട്ട വാര്‍ത്തകള്‍ നിര്‍ണായക തെളിവുകളാണെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി കഴിഞ്ഞ ഏപ്രില്‍ 10ന് പുനഃപരിശോധന ഹരജികള്‍ അംഗീകരിച്ചത്. രേഖകള്‍ക്ക് ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിരക്ഷയുള്ളതാണെന്നും ഹരജിക്കാരും ദ ഹിന്ദു അടക്കമുള്ള മാധ്യമങ്ങളും ഗൂഢാലോചന നടത്തി രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിച്ചതാണെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
126 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി ചേര്‍ന്ന് കൊണ്ടുവന്ന കരാര്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പുതുക്കി 36 വിമാനങ്ങള്‍ മാത്രമുള്ള കരാറാക്കിയതും അതില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിനു പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ ഉള്‍പ്പെടുത്തിയതുമാണ് ആദ്യം വിഷയമായത്. ഇതില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ നെഗോസ്യേഷന്‍ ടീം നടത്തിയിരുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃതമായി ഇടപെടുകയും സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നുമാണ് ദ ഹിന്ദു പുറത്തുവിട്ട രേഖകള്‍ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെതിരേ നെഗോസ്യേഷന്‍ ടീം അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചതും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിയോജന കുറിപ്പെഴുതിയതും രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ, കോടതിയില്‍ പോലും പറയാതിരുന്ന റഫാല്‍ വിമാന ഇടപാട് തുകയും നേരത്തെ യുപിഎ നിശ്ചയിച്ചിരുന്നതും മാധ്യമങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
റഫാല്‍ കരാറിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ആവശ്യത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്ന ഹരജിയിലും കോടതി വാദം പൂര്‍ത്തിയാക്കിയിരുന്നു.
'സുപ്രീം കോടതി വരെ പറയുന്നു, കാവല്‍ക്കാരന്‍ കള്ളനാണെന്ന്'- ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി എം.പി മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ സുപ്രീം കോടതിയുടെ പേര് ഉപയോഗിച്ചതില്‍ രാഹുല്‍ നിരുപാധികം മാപ്പപേക്ഷ നല്‍കിയിരുന്നു.