കാബൂള്‍- അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച മിനിവാന്‍ വിദേശികളുമായി സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ചു കയറ്റുകയായിരുന്നു. കാബൂള്‍ നഗരത്തില്‍ രാവിലെ തിരക്കേറിയ സമയത്താണ് സംഭവം.
സ്വകാര്യ കനേഡിയന്‍ സുരക്ഷാ കമ്പനിയായ ഗാര്‍ഡ് വേള്‍ഡിന്റെ എസ്‌യുവി ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ നാല് വിദേശികള്‍ ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മാര്‍വ അമിനി പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തിന്റെ വടക്കുഭാഗത്തായി ആഭ്യന്തര മന്ത്രാലയത്തിന് സമീപമായിരുന്നു സ്‌ഫോടനം. ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം അഫ്ഗാനികളും സിവിലിയന്മാരുമാണ്. പരിക്കേറ്റ വിദേശികള്‍ ഏതു രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കൊല്ലപ്പെട്ടവരില്‍ സ്‌കൂളില്‍ പോകുകയായിരുന്ന 13 വയസ്സായ കുട്ടി ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തരമന്ത്രി മസൂദ് അന്ററാബി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ സമാധാനത്തിനുവേണ്ടി ദൃഢനിശ്ചയത്തോടെ മുന്നേറുകയാണെന്നും ആര്‍ക്കും അവരെ തടയാനാകില്ലെന്നും ജനങ്ങളുടെ ശത്രുക്കള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന ചാവേറാണ് സ്‌ഫോടനം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐ.എസും നഗരത്തില്‍ സജീവമാണ്.
2016 ല്‍ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പാശ്ചാത്യര്‍ക്ക് പകരം പ്രമുഖരായ മൂന്ന് താലിബാന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ചാവേര്‍ സ്‌ഫോടനം. മോചിപ്പിക്കുമെന്ന് അറിയിച്ച മൂന്ന് താലിബാന്‍ തടവുകാരില്‍ അനസ് ഹഖാനി ഉള്‍പ്പെടുന്നു. 2014 ല്‍ പിടികൂടിയ ഇയാളുടെ മൂത്ത സഹോദരന്‍ താലിബാന്റെ ഉപനേതാവും ഹഖാനി നെറ്റ്‌വര്‍ക്കിന്റെ തലവനുമാണ്.
കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരായ ഓസ്‌ട്രേലിയന്‍, അമേരിക്കന്‍ പൗരന്മാരെ എവിടെവെച്ച് എപ്പോള്‍ മോചിപ്പിക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കന്‍ പൗരനായ കെവിന്‍ കിംഗ്, ഓസ്‌ട്രേലിയക്കാരനായ തിമോത്തി എന്നിവരെ കാബൂളിന്റെ ഹൃദയഭാഗത്ത് നിന്ന് 2016 ഓഗസ്റ്റിലാണ് തട്ടിക്കൊണ്ടുപോയിരുന്നത്. പിന്നീട് ഇവരുടെ വീഡിയോ താലിബാന്‍ പുറത്തുവിട്ടിരുന്നു. തീവ്രവാദികളുടെ കസ്റ്റഡിയിലിരിക്കെ ഇവരുടെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. താലിബാന്‍ തടവുകാരെ എപ്പോള്‍, എവിടെ വെച്ചാണ് മോചിപ്പിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ബന്ദികളുടെ കൈമാറ്റത്തെ കുറിച്ച് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താലിബാന്‍ നേതാക്കള്‍ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരെ വിട്ടയക്കും- അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും താലിബാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ആരംഭിക്കാന്‍ ഈ തീരുമാനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അശ്‌റഫ് ഗനി പറഞ്ഞിരുന്നു. കാബൂളിലെ ഭരണകൂടവുമായി ചര്‍ച്ച നടത്താന്‍ ഏറെക്കാലമായി താലിബാന്‍ വിസമ്മതിക്കുകയാണ്.