ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ശിവ സേനയ്ക്ക് വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രതികരിച്ചു. ശിവ സേനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ല. ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് ഞാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പലതവണ പറഞ്ഞിട്ടുണ്ട്. അന്ന് ആരും എതിര്‍ത്തില്ല. ഇപ്പോള്‍ അവര്‍ പുതിയൊരു ആവശ്യമായി വന്നു. അത് ഞങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല- അമിത് ഷാ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന ശേഷം തുടങ്ങിയ ഉടക്കിനൊടുവില്‍ ബിജെപി സഖ്യം ശിവ സേന വിട്ടതിനു ശേഷമാണ് അമിത് ഷാ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചത്. മുഖ്യമന്ത്രി പദവി പങ്കിടാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് ശിവ സേനയുടെ വാദം.
ശിവ സേന സഖ്യം വിട്ടുപോയത് അപലപനീയമാണെന്നും ഷാ പറഞ്ഞു. രഹസ്യമായി നടത്തുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തു പറയുന്നത് തങ്ങളുടെ രീതിയല്ല. ഇതു പരസ്യമാക്കി ജനങ്ങളുടെ സഹതാപം പിടിപറ്റാനാണു ശിവ സേനയുടെ നീക്കമെങ്കില്‍ തെറ്റി. ജനങ്ങളെ അവര്‍ മനസ്സിലാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.