Sorry, you need to enable JavaScript to visit this website.

പ്രവാചകനും സാഹിത്യവും

മസ്ജിദുൽ അഖ്‌സ.

കാരുണ്യത്തിന്റെ പ്രവാചകൻ -23

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണ്. ആ വചനങ്ങൾക്ക് തുല്യമായി രചിക്കുവാൻ മനുഷ്യ സമൂഹം ഒന്നിച്ചു വിചാരിച്ചാലും അത് സാധ്യമല്ല. ഈ വചനങ്ങളുടെ അമാനുഷികത ലോകത്തിനു ബോധ്യപ്പെട്ട വസ്തുതയാണ്. 
പ്രവാചക വചനങ്ങളിൽ ഖുദ്‌സി ആയവ ഒഴികെ മറ്റെല്ലാം ആശയങ്ങൾ വഹ്‌യിന്റെ അടിസ്ഥാനത്തിലാണെങ്കിലും പ്രവാചകന്റെ സ്വന്തം വചനങ്ങൾ തന്നെയാണ്. അദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന ഹദീസുകൾ അഥവാ പ്രവാചക വചനങ്ങൾ ഒന്നൊന്നായി പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് ബോധ്യപ്പെടും. 
എഴുത്തും വായനയും അറിയാമായിരുന്നില്ല എന്ന യാഥാർഥ്യത്തോടൊപ്പം അവയോടും സാഹിത്യത്തോടുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അഭിവാഞ്ഛ ചരിത്രത്തിൽ സുവിദിതമാണ്. സ്ത്രീകളുടെ മാദകത്വത്തെയും മദ്യത്തെയും വർണിച്ചുകൊണ്ടും ഗോത്ര മഹിമകളുടെ പേരിൽ നടന്നിരുന്ന യുദ്ധങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും രചിക്കപ്പെട്ടിരുന്ന സാഹിത്യ സൃഷ്ടികൾ ഏറെയുണ്ടായിരുന്ന ജാഹിലിയ്യാ കാലഘട്ടത്തിൽ അത്തരം കാവ്യങ്ങൾക്ക് അറുതി വരുത്തിക്കൊണ്ടാണ് പ്രവാചകൻ രംഗത്തു വന്നത്. 
കവിതയെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ നൽകിയ നിർദേശം വളരെ പ്രസക്തമാണ്. ഭാവനകളിൽ മാത്രം അഭിരമിക്കുകയും ജീവിതത്തിനു യാതൊരു ദിശാബോധവും നൽകാതിരിക്കുകയും മനുഷ്യ മനസ്സുകളെ ഇക്കിളിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ മാത്രം ചെയ്തുവന്നിരുന്ന കവിതകൾ ജീവിത ഗന്ധിയായിരുന്നില്ല എന്ന യാഥാർഥ്യം വിശുദ്ധ ഖുർആൻ വിളംബരം ചെയ്തു. അതോടൊപ്പം നല്ല സന്ദേശങ്ങൾ പകർന്നു നൽകുന്ന സാംസ്‌കാരിക ബോധവും ദൈവഭയവുമുള്ള വ്യക്തികളെ ഖുർആൻ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കവികൾ എന്നർത്ഥം വരുന്ന ശുഅറാ എന്ന അധ്യായത്തിന്റെ അവസാന വചനങ്ങളിൽ ഇപ്രകാരം നമുക്ക് കാണാം. 'കവികളാകട്ടെ, ദുർമാർഗികൾ മാത്രമാണ് അവരെ പിൻപറ്റുന്നത്. അവർ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്നും പ്രവർത്തിക്കാത്തത് പറയുന്നവരാണെന്നും നീ കണ്ടില്ലേ? വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്തവർ ഇതിൽനിന്ന് ഒഴിവാകുന്നു. അക്രമത്തിന് ഇരയായതിനെത്തുടർന്ന് ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവരും ഇതിൽ നിന്നൊഴിവാണ്.' (ഖുർആൻ 26:224227). 
കവിത മനുഷ്യത്വപരമായിരിക്കണമെന്നും മാനവികതയെയും സംസ്‌കാരത്തെയും നശിപ്പിക്കുന്നതാവരുതെന്നുമുള്ള കാഴ്ചപ്പാടാണ് വിശുദ്ധ ഖുർആൻ മുന്നോട്ടു വെക്കുന്നത്. പ്രവാചകൻ ഒരിക്കലും ഒരു കവിയായിരുന്നില്ല. പ്രവാചകൻ ഖുർആൻ പാരായണം ചെയ്യുമ്പോൾ ഇതൊരു കവിതയാണോ എന്ന് ചിന്തിച്ചവരോട് ഖുർആൻ പറഞ്ഞു: 'തീർച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കു തന്നെയാകുന്നു. ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങൾ വിശ്വസിക്കുന്നുള്ളൂ. ഒരു ജോത്സ്യന്റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
ഇത് ലോകരക്ഷിതാവിങ്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു. പ്രവാചക (സ്വ) ന് കവിത ചേരുകയില്ലെന്നും അദ്ദേഹം അത് പഠിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഖുർആൻ വ്യക്തമാക്കി: 'അദ്ദേഹത്തിന് (നബിക്ക്) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് ചേരുകയുമില്ല. ഇത് ഒരു ഉൽബോധനവും കാര്യങ്ങൾ സ്പഷ്ടമാക്കുന്ന ഖുർആനും മാത്രമാകുന്നു'.
ഖുർആൻ കേവലമൊരു കവിതയാണെന്ന വിമർശകരുടെ ആരോപണങ്ങളെ ഖുർആൻ ഖണ്ഡിക്കുകയാണിവിടെ. എന്നാൽ പ്രവാചകൻ കവിതകളെ ഏറെ ഇഷ്ടപ്പെട്ടിരുന്നതായി ചരിത്രത്തിൽ നമുക്ക് കാണാം. ശത്രുക്കളുടെ കവിത കൊണ്ടുള്ള മുനകൾക്ക് കവിത കൊണ്ട് തന്നെ മറുപടി നൽകിയിരുന്നു അദ്ദേഹം. വിവിധ യുദ്ധങ്ങളിൽ അനുചരന്മാരെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം കവിതകൾ ചൊല്ലിയതായും ഹദീസുകളിൽ കാണാം. 
ഒരിക്കൽ ഒരു സ്വഹാബി പ്രവാചകന്റെ കൂടെ വാഹനത്തിൽ പിറകിൽ ഇരുന്നു. അപ്പോൾ പ്രവാചകൻ ചോദിച്ചു: 'താങ്കളുടെ കൂടെ ഉമയ്യത്ത് ബ്‌നു അബിസ്വൽത്തിന്റെ കവിതാശകലങ്ങളുണ്ടോ? അപ്പോൾ സ്വഹാബി പറഞ്ഞു: 'അതെ'. പ്രവാചകൻ പറഞ്ഞു: 'എങ്കിൽ താങ്കളത് എനിക്ക് ചൊല്ലിത്തരിക'. സ്വഹാബി പറയുന്നു: ഓരോ ശ്ലോകങ്ങൾ ചൊല്ലുമ്പോഴും വീണ്ടും ചൊല്ലാൻ അദ്ദേഹം ആവശ്യപ്പെടുകയും അങ്ങനെ നൂറു ശ്ലോകങ്ങളോളം ഞാൻ ചൊല്ലിക്കൊടുക്കുകയും ചെയ്തു'. (സ്വഹീഹ് മുസ്‌ലിം). ഇവിടെ ഉമയ്യത്ത് ബ്‌നു അബി സ്വൽത്ത് മുസ്‌ലിമായിരുന്നില്ലെന്ന വസ്തുത കൂടി നാം പരിഗണിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കവിതകളിലധികവും ഉന്നത സ്വഭാവങ്ങൾ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു. 
പ്രവാചകന് ഒട്ടേറെ കവികളുണ്ടായിരുന്നു. ഇസ്‌ലാമിന്റെ നന്മകൾ പ്രചരിപ്പിക്കാനും ഇസ്‌ലാം വിമർശകരെ പ്രതിരോധിക്കാനും കവികളുടെ പ്രതിഭകളെ അദ്ദേഹം ഉപയോഗിച്ചു. ആയുധങ്ങളെടുത്ത് ഒരു വിഭാഗം ഇസ്‌ലാമിനെ പ്രതിരോധിച്ചപ്പോൾ മറ്റൊരു വിഭാഗം കവിതകൾ കൊണ്ടായിരുന്നു ശത്രുക്കളെ നേരിട്ടത്. ഹസ്സാനു ബ്‌നു ഥാബിത്ത് (റ) പ്രവാചകന്റെ കവികളുടെ കൂട്ടത്തിൽ പ്രധാനിയായിരുന്നു. പ്രായാധിക്യം കാരണം യുദ്ധങ്ങളിലൊന്നും പങ്കെടുക്കാൻ സാധിക്കാതിരുന്ന അദ്ദേഹമായിരുന്നു യുദ്ധങ്ങളിൽ തന്റെ സാഹിത്യങ്ങളിലൂടെ പ്രവാചകന് കവചം തീർത്തരുന്നത്. പ്രവാചകന്റെ ചരിതങ്ങൾ ഉൾക്കൊള്ളുന്നതും യുദ്ധ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ധീരമായ മുന്നേറ്റങ്ങൾ വിവരിക്കുന്നതും പ്രവാചകനെ പ്രശംസിക്കുന്നതും പ്രവാചകന്റെ വിയോഗത്തെ അനുസ്മരിക്കുന്നതുമായ ഒട്ടേറെ കാവ്യങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കഅബ് ബ്‌നു സുഹൈർ ആയിരുന്നു മറ്റൊരു കവി. പ്രവാചകനെ പരിഹസിച്ചുകൊണ്ട് കവിതയെഴുതിയിരുന്ന കഅബ് ഇസ്‌ലാം സ്വീകരിച്ച ശേഷം പ്രവാചകനെ പുകഴ്ത്തിക്കൊണ്ട് ഒട്ടേറെ കവിതകൾ രചിച്ചു. മുഹാജിറുകളുടെയും അൻസാറുകളുടെയും സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ടും അദ്ദേഹം കവിതകൾ രചിച്ചിട്ടുണ്ട്. അൻസാരികളിൽ പ്രമുഖനായിരുന്ന അബ്ദുല്ലാഹിബ്‌നു റവാഹയും നല്ലൊരു കവിയായിരുന്നു. 
കവിതകൾ ശ്രവിക്കുന്നതിനെ അദ്ദേഹം തടഞ്ഞിരുന്നില്ല. അതിലേറ്റവും ആശയ സമ്പുഷ്ടമായവ അദ്ദേഹം ശ്രവിക്കാറുണ്ടായിരുന്നു. സഭ്യതക്ക് നിരക്കാത്തതും ആദർശ വിരുദ്ധവുമായ കവിതകൾ അദ്ദേഹം അനുവദിച്ചില്ല. ഒരിക്കൽ പെരുന്നാൾ ദിവസം കുട്ടികൾ പാട്ടുപാടി കളിക്കെ ബുആസ് യുദ്ധത്തെ അനുസ്മരിച്ചുകൊണ്ടവർ പാടി. പ്രവാചകൻ അദ്ദേഹത്തിന്റെ ശയ്യയിൽ തലയിൽ പുതപ്പിട്ടു മൂടി കേട്ടുകിടന്നു. അവർ പാടിപ്പാടി അവസാനം വാ ഫീന നബിയ്യുൻ യഅലമു മാഫി ഗദിൻ (ഞങ്ങളിൽ നാളെ നടക്കുന്ന കാര്യങ്ങൾ അറിയുന്ന പ്രവാചകനുണ്ട്) എന്ന് പാടിയപ്പോൾ അദ്ദേഹം പുതപ്പ് മാറ്റി എഴുന്നേറ്റുകൊണ്ട് ആദർശ വിരുദ്ധമായ ആ കവിതാശകലം പാടരുതെന്നു പറഞ്ഞു. നാളെ നടക്കുന്ന കാര്യം അല്ലാഹുവിനു മാത്രമേ അറിയൂ എന്നും അദ്ദേഹവും ആ കുട്ടികളെ പഠിപ്പിച്ചു. 
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വേണ്ടി പ്രതിരോധം സൃഷ്ടിക്കുകയും നല്ല സ്വഭാവവും സംസ്‌കാരവും വളർത്തുകയും ചെയ്യുന്ന നല്ല കവിതകൾ രചിച്ചിരുന്നവർക്ക് വേണ്ടി അദ്ദേഹം പ്രാർഥിച്ചിരുന്നു. ഒരിക്കൽ ഹസ്സാനുബ്‌നു ഥാബിത്ത് (റ) അബൂ ഹുറൈറ (റ) വിനോട് ചോദിച്ചു. 'ഹസ്സാൻ, അല്ലാഹുവിന്റെ ദൂതർക്ക് വേണ്ടി താങ്കൾ മറുപടി പറയുക, അല്ലാഹുവെ അദ്ദേഹത്തെ (ഹസ്സാനെ) പരിശുദ്ധാത്മാവ് കൊണ്ട് ബലപ്പെടുത്തണേ എന്ന് പ്രവാചകൻ പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ? അബൂഹുറൈറ പറഞ്ഞു: 'അതെ'. (ബുഖാരി, മുസ്‌ലിം). 
കിടങ്ങു യുദ്ധത്തിന്റെ അവസരത്തിൽ വയറിൽ കല്ലുകൾ കെട്ടിക്കൊണ്ട് പ്രവാചകനും അനുചരന്മാരും പോർമുഖത്ത് അണിനിരന്നപ്പോൾ പ്രവാചകൻ ചൊല്ലിയ കവിത വളരെ പ്രസിദ്ധമാണ്. 'അല്ലാഹുമ്മ ലൗലാ അൻത മഹ്തദൈന....'എന്ന് തുടങ്ങുന്ന ആ കവിത വളരെയധികം ആദർശ പൂരകവും ആശയ സമ്പുഷ്ടവുമാണ്. 'അല്ലാഹുവെ നീ ഞങ്ങൾക്ക് നേർമാർഗം പകർന്നു തന്നിട്ടില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ധർമം ചെയ്യുകയോ നമസ്‌കരിക്കുകയോ ചെയ്യുമായിരുന്നില്ല... അതുകൊണ്ട് ഞങ്ങളിൽ ശാന്തത വർഷിപ്പിക്കേണമേ, ശത്രുവിനെ കണ്ടുമുട്ടിയാൽ ഞങ്ങളുടെ പാദങ്ങൾക്ക് നീ സ്ഥൈര്യം നൽകേണമേ... ബഹുദൈവാരാധകർ ഞങ്ങളെ തകർക്കാനിതാ വന്നിരിക്കുന്നു... അവർ കുഴപ്പമുദ്ദേശിച്ചുവെങ്കിൽ ഞങ്ങൾക്ക് നീ തുറവി നൽകേണമേ...' ഈ പ്രാർഥന പ്രവാചകൻ നൂനിൽ അവസാനിക്കുന്ന കവിതയായിട്ടാണ് ചൊല്ലിയത്. 
അബൂഹുറൈറ (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതർ ഇങ്ങനെ പറഞ്ഞു: കവികൾ പറഞ്ഞതിലേറ്റവും ഉന്നതമായ വചനം ലബീദ് പറഞ്ഞതാണ്: 'അലാ കുല്ല ശൈഇൻ മാ ഖലല്ലാഹു ബാതിലുൻ'. അല്ലാഹുവല്ലാത്ത മറ്റെല്ലാം ബാതിലാകുന്നു. (തുടരും)

 
 

Latest News