Sorry, you need to enable JavaScript to visit this website.

വിശ്വാസവോട്ടെടുപ്പിൽ നിതീഷ് കുമാർ വിജയിച്ചു

പട്‌ന- ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടന്ന വിശ്വാസവോട്ടെടുപ്പിൽ ജനതാദൾ യുനൈറ്റഡ് നേതാവ് നിതീഷ് കുമാർ വിജയിച്ചു. 131 വോട്ടുകൾ നേടിയാണ് നിതീഷ് വിജയിച്ചത്. ബി.ജെ.പിയുടെ പിന്തുണയോടെയാണ് നിതീഷ് വോട്ടെടുപ്പിൽ വിജയിച്ചത്. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് വരെ ആർ.ജെ.ഡി എം.എൽ.എ മാർ നിയമസഭക്ക് പുറത്ത് പ്രതിഷേധിച്ചു. നിതീഷ് വഞ്ചകനാണന്നും മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കനത്ത സുരക്ഷയാണ് നിയമസഭക്ക് മുന്നിൽ ഏർപ്പെടുത്തിയിരുന്നത്. 243 അംഗങ്ങളുളള ബിഹാർ നിയമസഭയിൽ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിക്ക് 80, കോൺഗ്രസിന് 27ഉം സി.പി.ഐ എം.എൽന് മൂന്നും എം.എൽ.എമാരാണുള്ളത്. നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡിന് 71 ഉം ബി.ജെ.പിക്ക് 53ഉം ആർ.എൽ.എസ്.പി, എൽ.ജെ.പി എന്നിവർക്ക് മൂന്നുവീതവും എച്ച്.എം.എം ഒന്നും മൂന്നു സ്വതന്ത്രരമാണുള്ളത്. ഈ 132 എം.എൽ.എ മാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് നിതീഷ് കുമാർ ഗവർണറെ ബോധ്യപ്പെടുത്തിയത്. 
മഹാസഖ്യം പൊളിക്കുന്നതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണ് നടന്നതെന്ന് ആർ.ജെ.ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായി തേജസ്വി യാദവ് ആരോപിച്ചു. നിയമസഭയിൽ പ്രസംഗിക്കവെയാണ് തേജസ്വി ആരോപണം ഉന്നയിച്ചത്. തനിക്കെതിരായ കേസുകൾ സഖ്യം വിടാനുള്ള ഒരു കാരണം മാത്രമായി നിതീഷ് കുമാർ ഉപയോഗിക്കുകയായിരുന്നു. ഒരു തരത്തിലും ന്യായീകരിക്കാവുന്ന ഒന്നല്ല നിതീഷ് കുമാറിന്റെ ഭാഗത്ത്‌നിന്നുണ്ടായതെന്നും തേജസ്വി ആരോപിച്ചു. നിതീഷ് കുമാറിന്‍റെ ഇമേജ് സംരക്ഷിക്കുന്നതിനുള്ള നാടകമാണ് ബീഹാറിൽ നടന്നത്. ഇങ്ങിനെ മന്ത്രിയാകാൻ താങ്കൾക്ക് നാണമില്ലേയെന്ന് പുതിയ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡിയോട് തേജസ്വി ചോദിച്ചു. നിതീഷ് നേരത്തെ നിങ്ങളെയും ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Latest News