കൊല്ലം- മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിനു പിന്നില്‍ അധ്യാപകരുടെ വംശീയ വിദ്വേഷവും വിവേചനവുമാണെന്ന് ആരോപണം. ഫാത്തിമയുടെ ഫോണില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ടെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. സോഷ്യല്‍ സയന്‍സ് വകുപ്പില്‍ ഇന്റഗ്രേറ്റഡ് എം എ ഒന്നാം വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കോടെ ജൂലൈയിലാണ് ഐഐടിയില്‍ ചേര്‍ന്നത്. തന്റെ പേര് തന്നെ ഒരു പ്രശ്‌നമാണ് വാപിച്ച എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് വരുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു- അബ്ദുല്‍ ലത്തീഫ് പറഞ്ഞു. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കറ, മിലിന്ദ് ബ്രഹ്മെ എന്നിവരാണ് തന്റെ മരത്തിനു കാരണക്കാരെന്ന് ഫാത്തിമയുടെ ഫോണില്‍ നിന്ന് ലഭിച്ച കുറിപ്പുകളില്‍ വ്യക്തമാണ്. സുദര്‍ശന്‍ പത്മനാഭനില്‍ നിന്നും നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നതായും ആരോപണമുണ്ട്.
മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്കും കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനും പരാതി നല്‍കും. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
മരണ വിവരം അറിഞ്ഞ് ചെന്നൈയില്‍ എത്തിയ ബന്ധുക്കളോട് അധ്യാപകര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പോലീസിന്റെ അന്വേഷണവും കാര്യക്ഷമമല്ല. പോലീസിന്റെ പക്കലുണ്ടായിരുന്ന ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് അധ്യാപകന്‍ സുദര്‍ശനെതിരായ പരാമര്‍ശം കണ്ട്. ഫോണിലുള്ള കൂടുതല്‍ കുറിപ്പുകള്‍ വായിക്കാനും ഫാത്തിമ എഴുതിയിരുന്നു. എന്നാല്‍ ഈ സുപ്രധാന തെളിവ് പോലീസ് നശിപ്പിക്കുമോ എന്ന ആശങ്ക ബന്ധുക്കള്‍ക്കുണ്ട്.
മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ എത്തിയ കൊല്ലം മേയര്‍ വി രാജേന്ദ്ര ബാബു അടക്കമുള്ളവരോട് തമിഴ്‌നാട് പോലീസ് മോശമായാണു പെരുമാറിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഒഴികെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ആശുപത്രിയില്‍ വന്നിരുന്നില്ല. ആത്മഹത്യ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തുണ്ട്.