പാരിസ്- കിലോ കണക്കിന് മയക്കു മരുന്നു പൊതികള്‍ തീരത്തണഞ്ഞതോടെ തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ മാസം മുതലാണ് ഈ നിഗൂഢ മയക്കു മരുന്ന് പൊതികള്‍ തീരമേഖലയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇതുവരെ 1010 കിലോ കൊക്കെയ്ന്‍ അധികൃതര്‍ കണ്ടെടുത്തു. രണ്ടു ദിവസം മുമ്പ് 763 കിലോ ആയിരുന്നു ഇത്. അഞ്ചു കിലോ വരെയുള്ള വലിയ പൊതികളായാണ് തീരമാലകള്‍ക്കൊപ്പം ഇവ തീരത്തണയുന്നത്. ഇപ്പോള്‍ വടക്കന്‍ തീരങ്ങളിലും ഇതു കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ ഫിലിപെ ആസ്ട്രക് പറഞ്ഞു. ഓരോ തിരമാലയും ഓരോ പൊതികള്‍ കൊണ്ടു വരുന്നു. ഒരു ദിവസം 100 കിലോ ഗ്രാം വരെ തീരത്തണയുന്നുണ്ട്- അദ്ദേഹം പറഞ്ഞു. നൂറു കിലോമീറ്ററിലേറെ വരുന്ന തീരദേശ മേഖലയില്‍ അധികൃതര്‍ തിരച്ചില്‍ നടത്തിവരികയാണ്. യുറോപ്യന്‍, യുഎസ് മയക്കുമരുന്ന് വിരുദ്ധ ഏജന്‍സികള്‍ ഉള്‍പ്പെടെ നൂറിലേറെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഈ മയക്കു മരുന്നു പൊതികളുടെ ഉറവിടം തേടി അന്വേഷണം നടത്തിവരികയാണ്.
പൊതികളില്‍ നിന്ന് കണ്ടെടുക്ക കൊക്കെയ്ന്‍ തീര്‍ത്തും ശുദ്ധമായവയാണ്. അതുകൊണ്ട് വലിയ അപകടകാരിയുമാണെന്ന് ആസ്ട്രക് പറഞ്ഞു. പൊതികള്‍ തീരത്ത് കണ്ടാല്‍ തൊടരുതെന്നും ഉടന്‍ പോലീസിനെ വിവരമറിയിക്കണമെന്നും പൊതു ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവേശനം വിലക്കിയ ബീച്ചുകളിലേക്ക് എത്തുന്നവരെ പോലീസ് തടഞ്ഞ് തിരിച്ചയക്കുകയാണ്. ഈ പ്രദേശങ്ങളില്‍ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പലരേയും മയക്കു മരുന്ന് പൊതികളുമായി പിടികൂടുകയും ചെയ്തു.