കണ്ണൂര്‍- സുപ്രീം കോടതിയുടെ അയോധ്യ വിധി സംബന്ധിച്ച് മുസ്ലിം ലീഗ് മലക്കം മറിഞ്ഞിരിക്കയാണെന്നും ഇത് ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ആപത്തുണ്ടാക്കുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി.
അയോധ്യ വിധിയില്‍ നിരാശാജനകമായ പല കാര്യങ്ങളുമുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സുപ്രീം കോടതി വിധിയെ ആദ്യം ശരിവെച്ച മുസ്ലിം ലീഗ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കയാണ്. മന്ദിര്‍-മസ്ജിദ് പ്രശ്‌നം കത്തിക്കാളിയിരുന്ന കാലത്ത് മര്‍ഹൂം ശിഹാബ് തങ്ങളുടെ നിലപാട് ധീരമായ ദേശസ്‌നേഹ പ്രചോദിതമായിരുന്നു. മുസ്ലിം ലീഗിലെ ചില തീവ്ര നേതാക്കളുടെ കുടുസ്സ് ചിന്താഗതി കൊണ്ട് എടുത്ത പുതിയ നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. പുതിയ തീരുമാനത്തോട് ശിഹാബ് തങ്ങളുടെ ആത്മാവ് പൊറുക്കുമെന്ന് തോന്നുന്നില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
കേരളത്തില്‍ പല ഭാഗത്തും എസ്ഡിപിഐക്കാര്‍ നടത്തിയ പ്രകടനം ദേശവിരുദ്ധമാണ്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ നീക്കമാണിത്.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം രാമക്ഷേത്രത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ലീഗിന്റെ നിലപാട് മാറ്റത്തെ കുറിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.