റിയാദ് - ഓൺലൈൻ വഴി മരുന്നുകളും മെഡിക്കൽ അവകാശവാദങ്ങളോടെയുള്ള മറ്റു ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഓൺലൈൻ വഴി വാങ്ങുന്ന മരുന്നുകൾ അടങ്ങിയ കൊറിയറുകൾ സ്വീകരിക്കുകയോ ഉപയോക്താക്കൾക്ക് എത്തിച്ചുകൊടുക്കുകയോ ചെയ്യരുതെന്ന് പൊതുഗതാഗത അതോറിറ്റിക്ക് അയച്ച കത്തിൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.
മരുന്ന് ഇറക്കുമതിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽനിന്ന് മുൻകൂട്ടി അനുമതി നേടൽ അനിവാര്യമാണ്. മുൻകൂട്ടി അനുമതി ലഭിക്കാതെ മരുന്നുകളും ഫാർമസ്യൂട്ടിക്കൽസ് ഉൽപന്നങ്ങളും സ്വീകരിക്കരുതെന്ന് കൊറിയർ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളെയും പൊതുഗതാഗത അതോറിറ്റി അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുന്നതു വരെ അനുമതി പത്രങ്ങൾ കമ്പനികൾ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.