ന്യൂദല്‍ഹി- ആദായ നികുതിയുമായി ബന്ധപ്പെട്ട പാന്‍ നമ്പറിന് പകരം തെറ്റായ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ 10,000 പിഴ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. വ്യത്യസ്ത ഇടപാടുകള്‍ക്കായി രണ്ടുതവണ തെറ്റായി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ 20,000 രൂപയാകും പിഴ അടയ്‌ക്കേണ്ടിവരിക.
പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരം തെറ്റായി 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പാന്‍ നമ്പറിനു പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ആദായ നികുതി വകുപ്പ് ഈയിടെയാണ് അനുമതി നല്‍കിയത്.
1961ലെ ഇന്‍കം ടാക്‌സ് നിയമത്തില്‍ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ധനകാര്യ ബില്ലില്‍ പാനിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍മാത്രമാണ് പിഴ ബാധകമാകുക.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കല്‍ തുടങ്ങിയവക്കെല്ലാം ഇത് ബാധകമാണ്.