ജയ്പൂര്‍- രാജസ്ഥാനിലെ സാംഭര്‍ തടാകത്തിനു സമീപം ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ ലവണജല തടാകമാണ് ജയ്പൂരിലെ സാംഭര്‍.
ജലമലിനീകരണമാകാം പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്ന് കരുതുന്നു. പക്ഷികളുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തടാകത്തിന് 13 കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങള്‍ കണ്ടെത്തിയത്.
1500 ഓളം പക്ഷികള്‍ ചത്തുവെന്ന് അധികൃതര്‍ പറയുമ്പോള്‍ 5000 ലേറെ പക്ഷികള്‍ ചത്തെന്ന് പ്രദേശവാസികള്‍ പറയുന്നു. പവിഴക്കാലി, കോരിച്ചുണ്ടന്‍ എരണ്ട, ചക്രവാകം, അവോസെറ്റ് കുളക്കോഴി, വെള്ളക്കൊക്കന്‍ കുളക്കോഴി തുടങ്ങിയ പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം മേഖലയില്‍ വീശിയ കൊടുങ്കാറ്റാകാം പക്ഷികള്‍ ചാകാനുള്ള കാരണമെന്ന് ഫോറസ്റ്റ് റേഞ്ചര്‍ രാജേന്ദ്ര ജാഖര്‍ പറഞ്ഞു. ജലത്തിലെ വിഷാംശം, ബാക്ടീരിയ, വൈറസ് ബാധ എന്നീ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പക്ഷികളുടെ ജഡവും തടാകത്തില്‍നിന്നുള്ള ജലവും ശേഖരിച്ച് ഭോപ്പാലിലേക്ക് പരിശോധനക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനി കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.