Sorry, you need to enable JavaScript to visit this website.

ഇത്തിഹാദ് വിമാന സർവീസ് ജിദ്ദ എയര്‍പോര്‍ട്ട് പുതിയ ടെർമിനലിലേക്ക്

ജിദ്ദ- ഇത്തിഹാദ് എയർവെയ്‌സ് സർവീസുകൾ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഒന്നാം നമ്പർ ടെർമിനലിലേക്ക് മാറ്റുന്നു. ജിദ്ദ വിമാനത്താവളത്തിലെ പുതിയ ടെർമിനലിലേക്ക് സർവീസുകൾ മാറ്റുന്ന ആദ്യത്തെ വിദേശ വിമാന കമ്പനിയാണ് ഇത്തിഹാദ് എയർവെയ്‌സ്. നവംബർ 18 മുതൽ ഇത്തിഹാദ് എയർവെയ്‌സ് പുതിയ ടെർമിനലിൽനിന്നാണ് സർവീസുകൾ നടത്തുക. ജിദ്ദയിൽ നിന്ന് യു.എ.ഇയിലെ അബുദാബിയിലേക്ക് പ്രതിദിനം മൂന്നു സർവീസുകൾ വീതമാണ് ഇത്തിഹാദ് എയർവെയ്‌സ് നടത്തുക. 


സൗദി, വിദേശ വിമാന കമ്പനികളുമായി സഹകരിച്ചാണ് പുതിയ ടെർമിനലിലേക്ക് സർവീസുകൾ മാറ്റുന്നതിനുള്ള പദ്ധതി തയാറാക്കിയതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് പടിപടിയായാണ് പുതിയ ടെർമിനലിലേക്ക് സർവീസുകൾ മാറ്റുക. സൗദി, വിദേശ വിമാന കമ്പനികൾക്കെല്ലാം ഒരേ മേൽക്കൂരക്കു കീഴിൽ പ്രവർത്തിക്കുന്നതിന് പുതിയ ടെർമിനൽ അവസരമൊരുക്കുന്നതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.
സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) 35 ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സർവീസുകൾ ഇതിനകകം പടിപടിയായി പുതിയ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്. 


ഒന്നാം നമ്പർ ടെർമിനലിന് ആകെ 8,10,000 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. പ്രതിവർഷം മൂന്നു കോടിയിലേറെ യാത്രക്കാരെ ഉൾക്കൊള്ളുന്നതിന് എയർപോർട്ടിന് ശേഷിയുണ്ട്. യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 220 എയർലൈൻസ് കൗണ്ടറുകളും 80 സെൽഫ് സർവീസ് കൗണ്ടറുകളും പുതിയ ടെർമിനലിലുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് ഇവിടെ 46 ഗെയ്റ്റുകളുണ്ട്. എയർബസ് എ-380 ഇനത്തിൽ പെട്ട ഏറ്റവും വലിയ വിമാനങ്ങൾ വരെ ഉൾക്കൊള്ളുന്നതിന് ശേഷിയുള്ള ഗെയ്റ്റുകൾ ഇക്കൂട്ടത്തിലുണ്ട്. ഗെയ്റ്റുകളുമായി ബന്ധിപ്പിച്ച് 94 എയ്‌റോ ബ്രിഡ്ജുകളുമുണ്ട്. ഒരേ സമയം 70 വിമാനങ്ങൾക്ക് എയ്‌റോ ബ്രിഡ്ജുകൾ സേവനം നൽകുന്നു. പുതിയ ടെർമിനലിലെ അത്യാധുനിക കൺവെയർ ബെൽറ്റ് സംവിധാനത്തിന് 34 കിലോമീറ്റർ നീളമുണ്ട്. ട്രാൻസിറ്റ് യാത്രക്കാർക്കായി 120 റൂമുകൾ അടങ്ങിയ മൂന്നു നില ഹോട്ടലും ഇവിടെയുണ്ട്. 

 

Latest News