ജിദ്ദ- ദക്ഷിണ ജിദ്ദയിലെ ഗോഡൗൺ ഏരിയയിൽ വൻ അഗ്നിബാധ. പ്രദേശത്തെ രണ്ടു ഗോഡൗണുകളിൽ പുലർച്ചെയാണ് തീ പടർന്നുപിടിച്ചത്. സ്‌പോഞ്ച് വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിലും സമീപത്ത് വൈദ്യുതി ഉപകരണങ്ങൾ സൂക്ഷിച്ച മറ്റൊരു ഗോഡൗണിലുമാണ് തീ പടർന്നുപിടിച്ചത്.
ഏറെ നേരം നീണ്ട ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കോ ആളപായമോ ഇല്ല. മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് മേധാവി മേജർ ജനറൽ അലി അൽമുൻതശരി നേരിട്ട് സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
നിരവധി വാട്ടർ ടാങ്കറുകളും അഗ്നിശമന ശ്രമങ്ങൾക്ക് ഉപയോഗപ്പെടുത്തി. സൗദി ഇലക്ട്രിസിറ്റി കമ്പനി, റെഡ് ക്രസന്റ്, ട്രാഫിക് പോലീസ്, പട്രോൾ പോലീസ്, ജിദ്ദ നഗരസഭ എന്നിവയെല്ലാം രക്ഷാപ്രവർത്തനങ്ങളിൽ ഭാഗഭാക്കായി.
അഗ്നിബാധയുടെ കാരണം നിർണയിക്കുന്നതിന് അന്വേഷണം നടത്തിയതായും മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു.