ഗുവാഹത്തി- പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ഥികളായ വനിതകളുടെ കുഞ്ഞുങ്ങളെ താലോലിക്കുന്ന വനിതാ പോലീസുകാരുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അസമിലെ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിനെത്തിയ (ടി.ഇ.ടി) ഉദ്യോഗാര്‍ഥികളുടെ കുഞ്ഞുങ്ങളെ രണ്ട് വനിതാ പോലീസുകാര്‍ താലോലിക്കുന്ന ചിത്രം അസം പോലീസാണ് ടിറ്ററില്‍ പങ്കുവെച്ചത്.
പരീക്ഷാ ഹാളില്‍ അമ്മമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുമ്പോള്‍ കുഞ്ഞു മക്കളെ താലോലിക്കുകയാണ് പോലീസുകാരികള്‍. സ്‌നേഹത്തോടെ കുഞ്ഞുങ്ങളെ മാറോടൊതുക്കി നില്‍ക്കുന്ന വനിതാ പോലീസുകാരെ സമൂഹമാധ്യമങ്ങളും താലോലിച്ചു.
അസമിലെ ദാരംഗ് ജില്ലയില്‍നിന്നുള്ളതാണ് ഫോട്ടോകള്‍. പോലീസ് ട്വീറ്റ് ചെയ്ത ചിത്രങ്ങളോട് നിരവധി പേരാണ് പ്രതികരിച്ചത്. കുറ്റവാളികളെ പിടികൂടാന്‍ മാത്രമല്ല പോലീസുകാരെന്നും ലോകത്തിന്റെ ചിലയിടങ്ങളിലെങ്കിലും മനുഷ്യത്വം ശേഷിക്കുന്നുണ്ടെന്നും പലരും കമന്റ് ചെയ്തു.