Sorry, you need to enable JavaScript to visit this website.

അയോധ്യയില്‍ പള്ളിയല്ല, പള്ളിക്കൂടമാണ്  വേണ്ടത് -നടന്‍ സല്‍മാന്‍ ഖാന്റെ അച്ഛന്‍

ന്യൂദല്‍ഹി-മുസ്ലീങ്ങള്‍ക്ക് തര്‍ക്കഭൂമിക്ക് പുറമെ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണം എന്നായിരുന്നു കോടതി വിധി. എന്നാല്‍ കോടതി പറഞ്ഞ സ്ഥലത്ത് പള്ളിയല്ല സ്‌കൂളാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പിതാവും നിര്‍മ്മാതാവുമായ സലിം ഖാന്‍.മുസ്ലീം വിഭാഗക്കാര്‍ക്ക് പള്ളില്ല മറിച്ച് വിദ്യാഭ്യാസമാണ് വേണ്ടത്. ഇത്തരം സെന്‍സിറ്റീവായ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടുമ്പോള്‍ ഐക്യവും സമാധാനവുമാണ് പുലരേണ്ടത്. അതിനെ സമാധാനപരമായി സ്വീകരിക്കേണ്ടതാവശ്യമാണ്. വളരെ വിവാദമുയര്‍ത്തിയ ഒരു വിഷയത്തില്‍ തീര്‍പ്പ് കല്‍പിക്കപ്പെട്ടു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയുന്നു, ഈ വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു.' സലിം ഖാന്‍ അഭിപ്രായപ്പെട്ടു.
'അയോധ്യ വിധിയെക്കുറിച്ച് മുസ്ലിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. അവര്‍ ആശങ്കപ്പെടേണ്ടത് അവരുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ചുമായിരിക്കണം. സ്‌കൂളുകളും ആശുപത്രികളുമാണ് നമുക്ക് വേണ്ടത്. പളളി പണിയാന്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലത്ത് ഒരു കോളേജ് നിര്‍മ്മിക്കുന്നതാണ് നല്ലത്. നമുക്ക് വേണ്ടത് വിദ്യാലയങ്ങളാണ്. 22 കോടി മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയാണെങ്കില്‍ ഈ രാജ്യത്ത് പല മാറ്റങ്ങളും സംഭവിക്കാന്‍ കാരണമാകും. നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സാധിക്കും.' സലിം ഖാന്‍ അഭിപ്രായപ്പെടുന്നു. ഷോലെ, മിസ്റ്റര്‍ ഇന്ത്യ, ഡോണ്‍ തുടങ്ങി ഹിന്ദിയിലെ എക്കാലത്തെയും ഹിറ്റുകളായ ചിത്രങ്ങളുടെ തിരക്കഥ സലിം ഖാന്റേതായിരുന്നു. കൂടാതെ ജാവേദ് അക്തറിനൊപ്പം അദ്ദേഹം നിരവധി സിനിമകള്‍ക്ക് തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.

Latest News