Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിലെ ഉടക്ക്: ശിവസേന നേതാവ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു

ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാക്കിയ ബിജെപി-ശിവ സേന ഉടക്കിന്റെ പശ്ചാത്തലത്തില്‍ ശിവ സേനാ എംപി അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രി പദവി രാജിവെച്ചു. ശിവ സേന ബിജെപിയുമായുള്ള സഖ്യം വിട്ടേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി. ശിവസേനയുടെ ഭാഗത്താണ് ശരിയുള്ളത്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ എന്തിന് സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് സാവന്ത് ചോദിച്ചു. ഒരു ട്വീറ്റിലൂടെയാണ് കേന്ദ്ര മന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചത്. ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ഇല്ലെന്ന് ബിജെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശിവസേനയെ ക്ഷണിച്ചിരുന്നു. ജനഹിതത്തെ അവഹേളിച്ച് എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണു ശിവസേനയുടെ നീക്കമെങ്കില്‍ അവര്‍ക്ക് ഞങ്ങളുടെ എല്ലാവിധ ഭാവുകങ്ങളും എന്ന് കഴിഞ്ഞ ദിവസം ബിജെപി പ്രതികരിച്ചിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്തത് ശിവസേന-ബിജെപി സഖ്യത്തേയാണ്. തങ്ങള്‍ക്ക് സ്വന്തമായി സര്‍ക്കാരുണ്ടാക്കാനാകില്ലെന്ന് ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. 

സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ശിവ സേന രാത്രി വൈകി ഉന്നത നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. മഹരാഷ്ട്രയില്‍ ശിവ സേന മുഖ്യമന്ത്രി ഉണ്ടാകുമെന്നും എന്തു വില നല്‍കിയും ഇതു സാധ്യമാക്കുമെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് ആവര്‍ത്തിച്ചു. ശരത് പവാറിന്റെ എന്‍സിപി സംസ്ഥാനത്ത് ഒരു സുസ്ഥിര സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പുതിയ സഖ്യ സാധ്യതകള്‍ക്ക് ആക്കം കുട്ടിയിട്ടുണ്ട്.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105, ശിവ സേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് വലിയ കക്ഷികളുടെ സീറ്റു നില.
 

Latest News