സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്- യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ ചരിത്ര ഗവേഷകന്‍ അറസ്റ്റില്‍. കാമുകി അനസ്‌തേസ്യ യെഷെങ്കോയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് അറസ്റ്റിലായത്. ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
മദ്യലഹരില്‍ നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് പോലീസ് കണ്ടെത്തിയത്. ബാഗ് കളയാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീണതാവാമെന്നാണ് പോലീസ് നിഗമനം.
പോലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് മുറിച്ചു മാറ്റിയ കൈകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫഌറ്റില്‍ നിന്ന് വേര്‍പെട്ട നിലയില്‍ തലയും ശരീരവും കണ്ടെത്തി. കൊല ചെയ്യപ്പെട്ടത് ഒലെഗിന്റെ കാമുകി അനസ്‌തേസ്യ യെഷെങ്കോയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
24 കാരി അനസ്‌തേസ്യ 63 കാരനായ ഒലെഗുമായി പ്രണയത്തിലായിരുന്നു. ഇരുവര്‍ക്കുമിടയിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒലെഗിന്റെ ബന്ധുവായ യുവതിയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിനിടെ കാമുകിയായ അനസ്‌തേസ്യയെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിച്ചു.