ചെന്നൈ- ഇന്ത്യൻ തെരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ധേയമായ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയുടെ പത്താമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ തിരുനെല്ലായി നാരായണയ്യർ ശേഷൻ എന്ന ടി.എൻ ശേഷൻ ഒറ്റയ്ക്ക് പോരാടിയാണ് തെരഞ്ഞെടുപ്പ് രംഗത്തെ തികച്ചും സ്വതന്ത്രസ്ഥാപനമാക്കി മാറ്റിയത്.
1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷൻ പ്രവർത്തിച്ചകാലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെടുന്നതാണ്.
തിരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരെ ശക്തമായ നടപടികളാണ് ശേഷൻ കൊണ്ടുവന്നത്. പാലക്കാട് ജില്ലയിൽ തിരുനെല്ലായിയിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1932-ലാണ് ശേഷൻ ജനിച്ചത്. ശേഷന്റെ പിതാവ് അധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. ബാസൽ ഇവാഞ്ചലിക്കൽ വിദ്യാലയത്തിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷൻ പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളെജിൽനിന്നു ഊർജ്ജതന്ത്രത്തിൽ ബിരുദവും (ബി.എസ്.ഓണേഴ്‌സ്) കരസ്ഥമാക്കി.
ഇതേ കോളെജിൽ അധ്യാപകനായി ചേർന്ന ശേഷൻ 1953-ൽ പോലീസ് സർവീസ് പരീക്ഷ വിജയിച്ചു. 1954-ൽ ഐ.എ.എസ് പരീക്ഷയും പാസായി. 1955-ൽ ദിണ്ഡിഗലിലെ സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒരു ദിവസം തന്നെ മൂന്നു സ്ഥലം മാറ്റങ്ങൾ കിട്ടിയ അപൂർവ്വതയും ശേഷനുണ്ട്. മദ്രാസ് ട്രാൻസ്‌പോർട്ട് കമ്മീഷണർ, മധുര ജില്ലാ കലക്ടർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. പിന്നീട് അമേരിക്കയിലെ ഹാവാർഡ് സർവകലാശാലയിൽ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസൺ സ്‌കോളർഷിപ്പും ലഭിച്ചു.
അമേരിക്കയിൽനിന്നും തിരിച്ചെത്തിയ ശേഷം ഇന്ത്യൻ സർക്കാറിലെ വിവിധ പദവികൾ വഹിച്ചു. ആണവോർജ മന്ത്രാലയത്തിന്റെ ഡയറക്ടർ, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. പിന്നീട് തമിഴ്‌നാട്ടിൽ തന്നെ നിയമിതനായ ശേഷന് വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറി പദവി ലഭിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച് ദൽഹിയിൽ തിരിച്ചെത്തി. പിന്നീട് കേന്ദ്ര സർക്കാറിന്റെ ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കമ്മീഷൻ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി, പരിസ്ഥിതിവനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി ചെയ്യവേ തെഹരി അണക്കെട്ടിനും നർമദയിലെ സർദാർ സരോവർ അണക്കെട്ടിനും അനുമതി നിഷേധിച്ചു. പദ്ധതിയുമായി ഗവൺമെന്റ് മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിർപ്പിനെ തുടർന്ന് പരിസ്ഥിതിക്കുവേണ്ടി പദ്ധതികളിൽ മാറ്റങ്ങൾ വരുത്തി.
രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു.
1990 മുതൽ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്ത് 40,000ത്തോളം സ്ഥാനാർത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച് അതിൽനിന്ന് 14,000 പേരെ അയോഗ്യരാക്കി. പഞ്ചാബ്, ബീഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ ശേഷനെ ഇംപീച്ച് ചെയ്യാൻ പാർലമെന്റ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല.
തിരഞ്ഞെടുപ്പു കമ്മീഷന്റെ അപ്രമാദിത്വം ഉറപ്പാക്കാൻ അദ്ദേഹത്തിനു പല തവണ സുപ്രീം കോടതി വരെ പോകേണ്ടിവന്നു. ശേഷന്റെ പദവികളെ വെട്ടിക്കുറക്കാൻ കേന്ദ്രസർക്കാർ രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ കൂടി നിയമിച്ചെങ്കിലും സുപ്രീം കോടതി തുടക്കത്തിൽ ശേഷന്റെ വാദങ്ങൾ അംഗീകരിച്ചു. ഏറെ വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിൽ 1996-ൽ കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണർക്കു മാനിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി വിധിച്ചു.
ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവന്ന ശേഷൻ തിരഞ്ഞെടുപ്പിലെ ചെലവുകൾക്കു പരിധി നിശ്ചയിച്ചു. തിരഞ്ഞെടുപ്പിൽ ചുവരെഴുത്തുകൾക്കും ഉച്ചഭാഷിണികൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയും സ്ഥാനാർത്ഥികൾ വരുമാന വിവരങ്ങൾ സമർപ്പിക്കണമെന്ന് നിർബന്ധമാക്കുകയും ചെയ്തു. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ കൊണ്ടുവന്നതും ശേഷനായിരുന്നു. സ്ഥാനാർത്ഥികൾക്കു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മണ്ഡലത്തിന് വലിയ സമ്മാനങ്ങൾ പ്രഖ്യാപിക്കാൻ അവകാശമില്ലാതാക്കി. സർക്കാർ വാഹനങ്ങൾ, ഹെലികോപ്ടറുകൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചു.
ശേഷന്റെ പരിഷ്‌കാരങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷനെ ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും ഇന്ത്യയിൽ നീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾക്കു വഴിതെളിക്കുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സർവേ പ്രകാരം 95 ശതമാനം ജനങ്ങളും ശേഷന്റെ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ അംഗീകരിച്ചിരുന്നു. 1996ൽ മാഗ്‌സസെ അവാർഡ് ലഭിച്ചു. 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കെ. ആർ. നാരായണന് എതിരെ ശിവസേന ടിക്കറ്റിൽ മത്സരിച്ച് പരാജയമടഞ്ഞു. സർവീസിൽനിന്നു വിരമിച്ചതിനു ശേഷം ഇന്ത്യയുടെ സാമൂഹിക പുരോഗതി ലക്ഷ്യമാക്കുന്ന ദേശഭക്ത് ട്രസ്റ്റ് എന്ന സ്ഥാപനം ആരംഭിച്ചു. കഴിഞ്ഞ വർഷം മാർച്ച് 31ന് ഭാര്യ ജയലക്ഷ്മി അന്തരിച്ചു.
ശേഷന്റെ നിര്യാണത്തിൽ നിരവധി പ്രമുഖർ അനുശോചിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ശശി തരൂർ എം.പി എന്നിവർ അനുശോചനമറിയിച്ചു. തന്റെ അച്ഛന്റെ സഹപാഠിയായിരുന്നു ശേഷനെന്ന് ശശി തരൂർ പറഞ്ഞു.