കൊല്‍ക്കത്ത- ബംഗ്ലാദേശിലേക്ക് നീങ്ങുന്നതിനു മുമ്പ് പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളില്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കൊല്‍ക്കത്തയിലും തീരദേശ ജില്ലകളിലും ചുഴലിക്കാറ്റും അതോടൊപ്പമുണ്ടായ കനത്ത മഴയും ജന ജീവിതത്തെ സാരമായി ബാധിച്ചു. നിരവധി മരങ്ങള്‍ കടപുഴകി. പലയിടത്തും ഗതാഗതം സ്തംഭിച്ചു. നോര്‍ത്ത്, സൗത്ത് 24 പാര്‍ഗാനാസ്, ഈസ്റ്റ് മിഡ്‌നാപുര്‍ എന്നിവിടങ്ങളിലാണ് കനത്ത നാശം. നോര്‍ത്ത് പര്‍ഗാനാസില്‍ മാത്രമായാണ് അഞ്ച് മരണം.
അതിനിടെ ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങിയ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
പശ്ചിമ ബംഗാളില്‍ 12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖേപുപാരക്കും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയത്. പശ്ചിമബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മമതാ ബാനര്‍ജിയുമായി ടെലിഫോണില്‍ സംസാരിച്ചു. സംസ്ഥാനത്തിന് ആവശ്യമായ കേന്ദ്രസഹായം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
150 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പ്. മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിക്കപ്പെട്ടു.
കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയിലും സൗത്ത് 24 പര്‍ഗാനകളിലുമാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഹൗറ, ഹൂഗ്ലി ജില്ലകളില്‍ കനത്തമഴ തുടരും. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ്, റെയില്‍, ബോട്ട്, വ്യോമ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും കണ്‍ട്രോള്‍ റൂമില്‍ എത്തിയിരുന്നു.
കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് 1.58 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 318 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.