തൃശൂര്‍- ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറില്‍ പുറപ്പെട്ടവരാണ് വഴി തെറ്റി പുഴയില്‍ വീണത്. കാറിലുണ്ടായിരുന്ന അഞ്ചു പേരും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്കു കൂപ്പു കുത്തിയത്.
കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഇവര്‍ പട്ടിക്കാട്ടേക്കുള്ള യാത്രയില്‍ ഗൂഗിളിന്റെ സഹായം തേടിയത്. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറിയപ്പോള്‍, രാത്രിയായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഒഴുക്കില്‍ പെട്ടതോടെ കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു.
ഗൂഗിള്‍ മാപ്പ് ചതിച്ച സംഭവം കഴിഞ്ഞ സെപ്റ്റംബറിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാര്‍ ആഴമേറിയ ചിറയില്‍ വീഴാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.