മുംബൈ- മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാനുള്ള ഗവർണറുടെ ക്ഷണം ലഭിച്ച ബി.ജെ.പിക്ക് ആശംസയർപ്പിച്ച് ശിവസേന. സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് ആശംസ നേരുന്നുവെന്നായിരുന്നു ശിവസേനയുടെ ആശംസ. തങ്ങളുടെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാനാകില്ലെന്ന് ശിവസേനക്ക് ഉറപ്പുണ്ട്. ഈ സഹചര്യത്തിലാണ് ശിവസേന ആശംസയർപ്പിച്ചത്.
അതിനിടെ, സംസ്ഥാനത്ത് ആർക്കും സർക്കാർ രൂപീകരിക്കാൻ പറ്റാത്ത സഹചര്യമുണ്ടായാൽ അടുത്ത തന്ത്രം സ്വീകരിക്കുമെന്ന് ശിവസേന വ്യക്തമാക്കി. ഗവർണറുടെ ഇടപെടലിലൂടെ സംസ്ഥാനത്തിന് ഒരു സർക്കാർ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കേണ്ട ഭരണഘടന ബാധ്യതയാണ് ഗവർണർ പാലിച്ചത്. സർക്കാർ രൂപീകരിക്കാൻ പറ്റുമെങ്കിൽ ബി.ജെ.പി ഇതുവരെ എന്തിന് കാത്തുനിന്നുവെന്നും ശിവസേന ചോദിച്ചു. ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയാതിരുന്നാൽ ശിവസേന അവരുടെ തന്ത്രം പയറ്റും. രാഷ്ട്രീയം ശിവസേനക്ക് കച്ചവടമല്ല. ഇന്ന് ഉച്ചക്ക് ഉദ്ധവ് താക്കറെ പാർട്ടി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും. ഉചിതമായ സമയത്ത് താക്കറെ തീരുമാനമെടുക്കും. ശിവസേനയിൽനിന്ന് ആരും കൂറുമാറില്ല. മാറിയാൽ തന്നെ സർക്കാർ രൂപീകരിക്കാനുമാകില്ല. കോൺഗ്രസ് മഹാരാഷ്ട്രയുടെ ശത്രുവല്ലെന്നും സർക്കാർ രൂപീകരിക്കാൻ ആവശ്യമായത് ചെയ്യുമെന്നും ശിവസേന വ്യക്തമാക്കി.