മോസ്‌കോ-ബാല്യകാല സുഹൃത്തിന് ഒരു വിമാനം ഓടിക്കാന്‍ നല്‍കി. കളിക്കുന്ന വിമാനമല്ല യാത്രക്കാരുള്ള പറക്കുന്ന വിമാനം. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി തമാശ കാണിച്ച പൈലറ്റിനെതിരെ റഷ്യയിലാണ് കേസെടുത്തിരിക്കുന്നത്. സുഹൃത്തിന് വിമാനത്തിന്റെ നിയന്ത്രണം കൈമാറുന്ന വീഡിയോ കൂടി പുറത്തുവന്നതോടെയാണ് സംഭവം പ്രശ്‌നമായത്. കിറില്‍ എസ് എന്ന പൈലറ്റാണ് സുഹൃത്തായ അന്നയ്ക്ക് വിമാനത്തിന്റെ നിയന്ത്രണം നല്‍കിയത്. ഡസന്‍ കണക്കിന് യാത്രക്കാര്‍ വിമാനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്. വലിയൊരു വീഴ്ചയുണ്ടായ സാഹചര്യത്തില്‍ രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷയും, 3700 പൗണ്ട് പിഴയുമാണ് പൈലറ്റിനെ കാത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയെന്നാണ് കേസ്.
'ഇത് അവിശ്വസനീയം' എന്ന് പറഞ്ഞാണ് വിമാനം പറപ്പിക്കുന്ന ദൃശ്യങ്ങള്‍ അന്ന പോസ്റ്റ് ചെയ്തത്. യോഗ്യതയില്ലാത്ത യുവതിക്ക് പൈലറ്റ് വിമാനം പറപ്പിക്കാനുള്ള ക്ലാസ് നല്‍കിയെന്നതില്‍ വിമാന കമ്പനി ഇര്‍എയ്‌റോ സംശയം പ്രകടിപ്പിച്ചിരുന്നു.അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഒരു മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയുടെ പേരില്‍ അധികൃതര്‍ പൈലറ്റിന് എതിരെ നടപടിക്ക് ഒരുങ്ങുന്നത്. നടപടികളുടെ ഭാഗമായി പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.