ടോക്യോ- ജപാനില്‍ പല കമ്പനികളും വനിതാ ജീവനക്കാരെ കണ്ണട ധരിച്ച് ജോലി ചെയ്യാന്‍ അനുവദിക്കാത്തതായി റിപോര്‍ട്ട്. ജോലി സമയത്ത് ഇനി കണ്ണട ധരിക്കരുതെന്ന് നിര്‍ദേശം ലഭിച്ചതായി വിവിധ വ്യവസായ മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി വനിതകള്‍ പറഞ്ഞതായി നിപോണ്‍ ടിവിയും ബിസിനസ് ഇന്‍സൈഡര്‍ ജപാനും റിപോര്‍ട്ട് ചെയ്യുന്നു. ഒരു കമ്പനിയില്‍ പുരുഷ റിസപ്ഷനിസ്റ്റിന് കണ്ണട ധരിക്കാന്‍ അനുമതി നല്‍കുമ്പോള്‍ വനിതാ റിസപ്ഷനിസ്റ്റിന് കണ്ണട ധരിക്കാന്‍ പാടില്ല. ഒരു ബ്യൂട്ടി ക്ലിനിക്കിലെ നഴ്‌സിനോടും സ്ഥാപന മേലധികാരി ഇതേ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരു ആഭ്യന്തര വിമാന കമ്പനിയും വനിതാ ജീവനക്കാരോട് സുരക്ഷാ കാരണങ്ങളാല്‍ കണ്ണട ധരിക്കരുതെന്ന് നിര്‍ദേശിച്ചതായും ചില റെസ്ട്രന്റുകള്‍ കണ്ണട ധരിച്ചുള്ള വേഷം പരമ്പരാഗത വസ്ത്രധാരണ രീതിക്ക് യോജിച്ചതെന്നു ചൂണ്ടിക്കാട്ടി വിലക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
കണ്ണട ധരിച്ചവരുടെ പ്രതികരണം തണുപ്പന്‍ മട്ടിലാണ് എന്നതാണ് പലരും കാരണമായി പറയുന്നതെന്നതെന്ന് പല വനിതാ ജീവനക്കാരും പറയുന്നു. ചില കമ്പനികളുടെ പ്രശ്‌നം കണ്ണട മേക്കപ്പ് മറച്ചുവയ്ക്കുന്നു എന്നതാണ്. അല്ലെങ്കില്‍ ബോസുമാര്‍ ഇഷ്ടപ്പെടാത്തതാണ് കാരണമെന്ന് പലരും പറയുന്നു. വനിതകള്‍ക്ക് കണ്ണട വിലക്ക് വാര്‍ത്തയായതോടെ നിരവധി സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജോലി സ്ഥലത്ത് കണ്ണട ധരിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നമെങ്കില്‍ അത് എല്ലാവര്‍ക്കും വിലക്കണം. എന്തു കൊണ്ട് സ്ത്രീകള്‍ക്കു മാത്രം? ഇത് ഹൈ ഹീല്‍സുള്ള ചെരിപ്പുകളെ പോലുള്ള പ്രശ്‌നമാണിപ്പോള്‍. അതും സ്ത്രീകള്‍ക്കു മാത്രമായിരുന്നല്ലോ, യുമി ഇഷികാവ ബ്ലൂംബര്‍ഗ് ന്യൂസിനോട് പറഞ്ഞു. സ്ത്രീകള്‍ ഹൈ ഹീല്‍സ് ചെരിപ്പ് ധരിച്ച് ജോലിക്കെത്തണമെന്ന പല കമ്പനികളുടേയും നയത്തിനെതിരെ ജപാനില്‍ കുടൂ പ്രതിഷേധം നയിച്ച ആളാണ് യുമി. മി ടു പ്രതിഷേധത്തിനു സമാനമായിരുന്നു ഇത്.
ഈ വിലക്ക് എത്രത്തേളം വ്യാപകമാണ എന്നതു സംബന്ധിച്ച് കണക്കുകളൊന്നും ലഭ്യമല്ല. ഇതു കമ്പനികളുടെ നയമാണോ അല്ലെങ്കില്‍ തൊഴിലിടങ്ങളില്‍ സ്വീകാര്യമായ വേഷം സംബന്ധിച്ച പ്രശ്‌നമാണോ എന്നതും സംബന്ധിച്ചും വ്യക്തതയില്ല.