ന്യൂദല്‍ഹി- വായ്പാ തിരിച്ചടവ് മുടക്കം വരുത്തിയതിന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ മൂന്ന് ചൈനീസ് ബാങ്കുകള്‍ ലണ്ടനില്‍ കേസ് നല്‍കി. 68 കോടി ഡോളര്‍ (4850 കോടി രൂപയോളം) തിരിച്ചടച്ചില്ലെന്നു കാണിച്ചാണിത്. ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സ്‌പോര്‍ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നീ കമ്പനികളാണ് അനില്‍ അംബാനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നത്. 2012ല്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് 95.5 കോടി ഡോളറിന്റെ വായ്പയാണ് ഇവര്‍ നല്‍കിയത്. കുറച്ചു തുക തിരിച്ചടച്ചിരുന്നെങ്കിലും 2017ല്‍ മുടങ്ങി. വ്യക്തിപരമായ ഈടിന്‍മേലാണ് വായ്പ അനുവദിച്ചതെന്ന് ഒരു ബാങ്കിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തന്റെ സ്വകാര്യ ആസ്തികളിന്‍മേല്‍ അല്ല ഈ ഈടെന്നാണ് അനില്‍ അംബാനിയുടെ വാദം.
സമാന കേസില്‍ ബെല്‍ജിയം കമ്പനിയായ എറിക്‌സണ് നല്‍കാനുള്ള പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നേരത്തെ സുപ്രീം കോടതിയില്‍ നിന്ന് അംബാനിക്ക് നടപടി നേരിടേണ്ടി വന്നിരുന്നു. കോടതി ഉത്തരവിട്ടിട്ടും പലതവണ തിരിച്ചടവ് മുടക്കിയ അംബാനിക്ക് നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ എറിക്‌സണ് പണം തിരിച്ചു നല്‍കേണ്ടി വന്നിരുന്നു.