ന്യൂദല്‍ഹി- ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചെന്നും വിധി രാജ്യം അംഗീകരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോടതി വിധിയെ സമൂഹത്തിലെ എല്ലാ വിഭാഗവും ഓരോ മതവും സ്വാഗതം ചെയ്ത രീതി ഇന്ത്യയുടെ പുരാതന സംസ്‌കാരത്തിന്റേയും സാമൂഹിക ഐക്യത്തിന്റേയും തെളിവാണെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ജുഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ എത്രമാത്രം ശക്തമായ ജനാധിപത്യ രാജ്യമാണെന്ന് ലോകം മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ ഒമ്പത് ചരിത്ര ദിനമാണെന്നും നീതിന്യായ വ്യവസ്ഥയിലെ സുവര്‍ണ്ണ അധ്യായമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് നവംബര്‍ ഒമ്പതാണ്. ബെര്‍ലിന്‍ മതില്‍ തകര്‍ത്ത ദിനം, കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യപ്പെട്ട ദിനം. ഈ ദിനം തന്നെയാണ് അയോധ്യ വിധിയും വന്നിരിക്കുന്നത്. ഒരുമയോടെ മുന്നേറാനുള്ള സന്ദേശമാണ് ഇത് നല്‍കുന്നത്- മോഡി പറഞ്ഞു.