ലഖ്‌നൗ- അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കിയ സുപ്രീം കോടതി വിധിയെ ബി.ജെ.പി നേതാവ് ഉമാ ഭാരാതി സ്വാഗതം ചെയ്തു. രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി വഹിച്ച പങ്കിനെ അവര്‍ പ്രകീര്‍ത്തിച്ചു.
മഹത്തായ പ്രവര്‍ത്തനത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച എല്ലാവര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച ഉമാഭാരതി അദ്വാനിയുടെ നേതൃത്വത്തിലാണ് ലക്ഷ്യം കൈവരിച്ചതെന്നും ട്വീറ്റ് ചെയ്തു.
സുപ്രീംകോടതിയുടെ വിധി പക്ഷപാതമില്ലാത്തതും ഉന്നതവുമാണെന്ന് പിന്നീട് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍.കെ അദ്വാനിക്കു മുന്നില്‍ തല കുനിക്കണം. കപട മതേതരത്വത്തിനെതിരെ അദ്ദേഹം നടത്തിയ വെല്ലുവിളിയാണ് ഈ ദിനത്തിനു സാക്ഷ്യം വഹിക്കാന്‍ അവസരമൊരുക്കിയതെന്ന് ഉമാഭാരതി പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ വിശ്വഹിന്ദു പരിഷത്തിന്റെ അന്തരിച്ച നേതാവ് അശോക് സിംഗാളിന്റെ പ്രവര്‍ത്തനങ്ങളേയും ഉമാ ഭാരതി പ്രശംസിച്ചു. രാമക്ഷേത്ര വിഷയത്തില്‍ അദ്വാനി കാണിച്ച പ്രതിബദ്ധതയാണ് ബി.ജെ.പിയുടെ വിജയത്തിനു കാരണമെന്നും അതുതന്നെയാണ് പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര പ്രക്ഷോഭത്തില്‍ ബി.ജെ.പിയുടെ തീപ്പൊരി നേതാവായ ഉമാ ഭാരതിയും നിര്‍ണായക പങ്കുവഹിച്ചിരുന്നു.