ന്യൂദല്‍ഹി- വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രാമജന്മഭൂമിയില്‍ ശിലാന്യാസം നടത്തി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ വിധി. 1989 നവംബര്‍ ഒമ്പതിനായിരുന്നു വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ശിലാന്യാസം നടന്നത്. ഇന്നലെ മറ്റൊരു നവംബര്‍ ഒമ്പതിന് രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കിക്കൊണ്ട് പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് വന്നു.
ദല്‍ഹിയിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് സന്തോഷം പങ്കിടുന്ന പ്രവര്‍ത്തകര്‍ തീയതികളിലെ യാദൃഛികതയെ ദൈവനിശ്ചയമായാണ് കാണുന്നത്. ഹിന്ദു കലണ്ടര്‍ പരിഗണിച്ച് ശുഭദിവസത്തിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ശിലാന്യാസത്തിന്റെ വാര്‍ഷികവും പരമോന്നത നീതിപീഠം കണക്കിലെടുത്തുവെന്ന് മറ്റു ചിലര്‍.
ക്ഷേത്ര നിര്‍മാണം എപ്പോഴാണ് ആരംഭിക്കുക? വിവേകാനന്ദപ്പാറ സ്മാരകം പോലെ ആളുകളില്‍നിന്ന് ഇതിനായി ധനസഹായം സ്വീകരിക്കുമോ എന്നു തുടങ്ങി നിരവധി ചേദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനിരിക്കയാണ്. വിവേകാനന്ദ സ്മാരകത്തിനായി ജനങ്ങളില്‍നിന്ന് ഒരു രൂപ വീതം ശേഖരിച്ചിരുന്നു.
രാമജന്മഭൂമി പ്രസ്ഥാനം തുടങ്ങിവെച്ച വിശ്വഹിന്ദു പരിഷത്തിന് ഇനി ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളിത്തമുണ്ടാകുമോ എന്ന ചോദ്യവും പ്രധാനമാണ്. രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനം ഏതു വിധത്തിലായിരിക്കും, സോമനാഥക്ഷേത്രം പരിപാലിക്കുന്ന ട്രസ്റ്റ് പോലെയാകുമോ എന്ന കാര്യത്തിലും വ്യക്തത വരാനിരിക്കുന്നു.
തീരുമാനം വന്നിരിക്കുന്നുവെന്നും പഴയ വിവാദങ്ങളൊക്കെ വിസ്മരിച്ച് ഒത്തൊരുയോടെ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടു പോകണമെന്നുമാണ് സംഘ് പരിവാര്‍ നേതാക്കള്‍ ആഹ്വാനം ചെയ്യുന്നത്.