കോഴിക്കോട്- ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതിയെയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ കോഴിക്കോട് സമസ്ത സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും കക്ഷി വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല; ഇന്ത്യയുടെ അഖണ്ഡതയാണ് പ്രധാനം. ബാബരി മസ്ജിദ് മുസ്ലിംകളുടെ ആരാധനാലയമാണ് എന്നത് പോലെ പ്രധാനമാണ് ഇന്ത്യയിൽ സ്വസ്ഥമായി ജീവിക്കാൻ എല്ലാവര്ക്കും സാധിക്കുകയെന്നതും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവിവേകമായ വാക്കോ ഇടപെടലോ ആരിൽനിന്നും ഉണ്ടാവരുത്. സുപ്രീം കോടതിയുടെ വിശദമായ വിധിപ്പകർപ്പ് വായിച്ചു, നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം വിശദമായ അഭിപ്രായം പറയും. ഇന്ത്യയിലെ പ്രധാന മുഫ്തിമാരെ സംഗമിപ്പിച്ച് ന്യൂദൽഹി ഗ്രാൻഡ് മുഫ്തി ഓഫീസിൽ അടുത്ത ദിവസം യോഗം ചേരുമെന്നും എല്ലാ സംസ്ഥാനങ്ങളിലും സമാധാനമുറപ്പിക്കാൻ ആവശ്യമായ നടപടികൾക്ക് മുന്നിലുണ്ടാവുമെന്നും കാന്തപുരം പറഞ്ഞു.