ന്യൂദല്‍ഹി- ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി രാമ ക്ഷേത്ര നിര്‍മാണത്തിന് വിട്ടു നല്‍കി പകരം മറ്റൊരിടത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കുമെന്ന സുപ്രീം കോടതി വിധിയില്‍ അതൃപ്തിയുമായി കേസിലെ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ്. വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കേണ്ടതുണ്ടോ എന്ന് കൂടിയാലോചിക്കാന്‍ യോഗം ചേരുമെന്നും ബോര്‍ഡ് അറിയിച്ചു. ഇത് അനീതിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത് നീതിയായ ഒരിക്കലും പരിഗണിക്കാന്‍ ആവില്ല. ഞങ്ങള്‍ വിധിയുടെ എല്ലാ വശങ്ങളേയുമല്ല വിമര്‍ശിക്കുന്നത്- ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞു. ഞങ്ങള്‍ കോടതി വിധിയെ മാനിക്കുന്നു. അതേസമയം ഭൂമി മൊത്തമായും നല്‍കുന്നത് നീതീകരിക്കാനാവില്ല. വിധിയോട് വിയോജിക്കാനുള്ള അവകാശമുണ്ട്. പല കേസുകളിലും സുപ്രീം കോടതി വിധി മാറ്റിയിട്ടുണ്ട്. പുനപ്പരിശോധന ആവശ്യപ്പെടാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്- ജിലാനി പറഞ്ഞു.
വിധിയില്‍ പല വൈരുധ്യങ്ങളും ഉണ്ട്. എല്ലാവരും സമാധാനം പാലിക്കണം. നിയമപരമായ പരിഹാരങ്ങള്‍ തേടുമെന്നും ജിലാനി പറഞ്ഞു. ഈ വിധി ആരുടേയും ജയമോ പരാജയമോ അല്ല. ആരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങളുണ്ടാകാന്‍ പാടില്ല. ഈ വിധി തൃപ്തികരമല്ലെന്നു മാത്രമെ പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.