Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

ന്യൂദല്‍ഹി- പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജ് ദീപക് മിശ്രമയെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജഗദീഷ് സിങ് ഖെഹാര്‍  നാമനിര്‍ദേശം ചെയ്തു. നിയമ മന്ത്രാലയം ഇത് അംഗീകരിക്കുന്നതോടെ ഇന്ത്യയുടെ 45-ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര അടുത്ത മാസം സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്‍റെ കാലാവധി ഓഗസ്റ്റ് 27-ന് അവസാനിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ വധ ശിക്ഷ ശരിവച്ച സുപ്രീം കോടതി ബഞ്ചിനെ നയിച്ചത് ജസ്റ്റിസ് മിശ്രയായിരുന്നു. മൂംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷ ലഭിച്ച പ്രതി യാകൂബ് മേമന്‍റെ ദയാഹരജിതള്ളിയതും മിശ്ര അധ്യക്ഷനായ ബഞ്ചായിരുന്നു.

2018 ഒക്ടോബര്‍ വരെ 14 മാസം ജസ്റ്റിസ് മിശ്ര ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകും. 2011-ലാണ് സുപ്രീം കോടതി ജഡ്ജായി മിശ്ര നിയമിതനായത്. 1977-ല്‍ അഭിഭാഷകനായി സ്വന്തം സംസ്ഥാനമായ ഒഡീഷയില്‍ കരിയര്‍ തുടങ്ങിയ മിശ്ര 1996-ലാണ് ഒറിസ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി നിയമിതനായത്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിലേക്ക് മാറ്റപ്പെടുകയും അവിടെ സ്ഥിരം ജഡ്ജായി നിയമിക്കപ്പെടുകയും ചെയ്തു. പറ്റ്‌ന, ദല്‍ഹി ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായും മിശ്ര സേവനമനുഷ്ടിച്ചിട്ടുണ്ട്.

കേസെടുത്ത് 24 മണിക്കൂറിനകം എഫ് ഐ ആര്‍ പൊലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന ശ്രദ്ധേയമായ വിധിയും ജസ്റ്റിസ് മിശ്രയുടേതായിരുന്നു. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയണ്. ആവശ്യക്കാര്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും ലീഗല്‍ അസിസ്റ്റന്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന സംവിധാനം നടപ്പിലാക്കുന്നതിലും മിശ്ര നിര്‍ണായക പങ്കുവഹിച്ചു.  

Latest News