ന്യൂദല്‍ഹി- അയോധ്യയില്‍ ബാബരി മസ്്ജിദ് നിലനിന്നിരുന്ന തര്‍ക്ക ഭൂമി വ്യവസ്ഥകളോടെ ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് സുപ്രീം കോടതി വിധി. പകരം മുസ്‌ലിംകള്‍ക്ക് ഭൂമി നല്‍കണമെന്നും കോടതി. ഭൂമി മൂന്നായി പകുത്തുള്ള അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി. മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം ഒരു ട്രസ്റ്റ് രൂപീകരിക്കണം. തര്‍ക്കഭൂമി ട്രസ്റ്റിനു കൈമാറും. ക്ഷേത്ര നിര്‍മാണത്തിന്റെ നടത്തിപ്പ് ട്രസ്റ്റ് നിരീക്ഷണത്തില്‍ വേണം. അനുയോജ്യമായ സ്ഥലത്ത് സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാര്‍ നല്‍കണം.
ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ ഏകകണ്ഠമായി വിധി പറഞ്ഞ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി രാമ ക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു നല്‍കണമെന്ന് വിധി പറഞ്ഞു. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഈ ഭൂമിക്കു പകരമായി മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ ഭുമി സുന്നി വഖഫ് ബോര്‍ഡിനു നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
1992ല്‍ ബാബരി മസ്ജിദ് പൊളിച്ച സംഭവം നിയമ വിരുദ്ധമാണ്. 1949ല്‍ ബാബരി മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളില്‍ നടുവിലെ താഴികക്കുടത്തിനു താഴെ വിഗ്രഹങ്ങള്‍ കൊണ്ടുവച്ചത് ഹീന കൃത്യമാണെന്നും കോടതി നിരീക്ഷിച്ചു.
രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിനു പദ്ധതിക്ക് രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി മൂന്ന് മാസം സമയം നല്‍കി. ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിക്കണം. ഈ ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
അരമണിക്കൂര്‍ സമയമെടുത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിധി പ്രസ്താവം വായിച്ചു തീര്‍ത്തത്.
വിധിയിലെ മറ്റു സുപ്രധാന കാര്യങ്ങള്‍:
- ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ കണ്ടെത്തലുകളെ തള്ളിക്കളയാനാവില്ല
- ബാബരി മസ്ജിദ് നിര്‍മിച്ചത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ ആയിരുന്നില്ലെന്ന് എഎസ്‌ഐ റിപോര്‍ട്ട് കാണിക്കുന്നു. ഭൂമിക്കടിയിലുണ്ടായിരുന്ന വസ്തുക്കള്‍ ഇസ്‌ലാമുമായി ബന്ധമുള്ളവ ആയിരുന്നില്ല.
- ബാബരി ഭൂമിക്കടിയിലെ വസ്തുക്കള്‍ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്നും എഎസ്‌ഐ തീര്‍ത്തു പറയുന്നില്ല.
- ബാബരി ഭൂമി ശ്രീ രാമന്റെ ജന്മസ്ഥലമാണെന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ തര്‍ക്കമില്ല
- രാമ ജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ല. എന്നാല്‍ ശ്രീരാമന് നിയമപരമായ വ്യക്തിത്വമുണ്ട്.
- ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് കഴിഞ്ഞില്ല. 1857നു മുമ്പും ഇവിടെ ഹിന്ദുക്കള്‍ സന്ദര്‍ശനം നടത്തിയതിന് തെളിവുകളുണ്ട്.
- തര്‍ക്കഭൂമിയുടെ പുറം മുറ്റത്ത് ഹിന്ദുക്കള്‍ ആരാധന നടത്തിയതിന് വ്യക്തമായ തെളിവുണ്ട്. അകത്തെ മുറ്റം സംബന്ധിച്ച്, ഇത് 1857ന് മുമ്പ് തങ്ങളുടെ കൈവശമായിരുന്നു എന്നതിന് സുന്നി വഖഫ് ബോര്‍ഡിനു തെളിവു കാണിക്കാനായില്ല.
- തര്‍ക്ക ഭൂമി മൂന്നായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി തെറ്റായിരുന്നു. ഇതൊരു ഭാഗംവയ്ക്കല്‍ കേസായിരുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.