ന്യൂദല്‍ഹി- അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് അന്തിമ പരിഹാരമാകുമെന്ന് കരുതപ്പെടുന്ന സുപ്രധാന വിധി പറയുന്നത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. ഏറ്റവും മുതിര്‍ന്ന അഞ്ചു ജഡ്ജിമാരാണ് ഈ ബെഞ്ചിലെ അംഗങ്ങള്‍. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ ഒരു നാഴിക കല്ലാകുന്ന ഈ വിധി പറയുന്ന ജഡ്ജിമാരെ കുറിച്ച്:
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
അസമില്‍ നിന്നുള്ള ജസ്റ്റിസ് ഗൊഗോയ് വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വ്യക്തിയാണ്. 1978ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം 2001 ഫെബ്രുവരി 21ന് ഗുവാഹത്തി ഹൈക്കോടതി സ്ഥിര ജഡ്ജിയായി നിയമിതനായി. പിന്നീട് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം. ഇവിടെ ചീഫ് ജസ്റ്റിസുമായി. പിന്നീട് 2012 ഏപ്രിലില്‍ സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. 2018 ഒക്ടോബറില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി. ദേശീയ പൗരത്വ രജിസ്റ്റര്‍ കേസ് ഉള്‍പ്പെടെ സുപ്രധാനമായ പല കേസുകളും കൈകാര്യം ചെയ്തു. നവംബര്‍ 17നു സര്‍വീസില്‍ നിന്ന് വിരമിക്കും.
ജസ്റ്റിസ് എസ് എ ബോബ്‌ഡെ
നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് ഗൊഗോയിയുടെ പിന്‍ഗാമിയായി നവംബര്‍ 17ന് ചുമതലയേല്‍ക്കും. 2000ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. രണ്ടു വര്‍ഷത്തിനു ശേഷം മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. മഹാരാഷട്രക്കാരനായ ജസ്റ്റിസ് ബോബ്‌ഡെക്ക് 2013ലാണ് സുപ്രീം കോടതിയിലെക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അടുത്ത 18 മാസക്കാലം ഇനി സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കും.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വൈ വി ചന്ദ്രചൂഢിന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. 2016 മേയിലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ, അലഹാബാദ് ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്നു. അമേരിക്കയിലെ പ്രശസ്ത കലാലയമായ ഹാര്‍വാഡില്‍ നിന്ന് നിയമ ബിരുദം നേടിയ ജസ്റ്റിസ് ചന്ദ്രചൂഢ് കാലഹരണപ്പെട്ട പല ചട്ടങ്ങളേയും തിരുത്തിയ ജഡ്ജിയാണ്. മുംബൈ യൂണിവേഴ്‌സിറ്റഇ, ഓക്ലഹോമ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോ എന്നിവിടങ്ങളില്‍ കംപാരിറ്റീവ് കോണ്‍സ്റ്റിറ്റിയൂഷനല്‍ ലോയില്‍ വിസിറ്റിങ് പ്രൊഫസര്‍ കൂടിയായിരുന്നു അദ്ദേഹം.
ജസ്റ്റിസ് അശോക് ഭൂഷണ്‍
കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് അശോക് ഭൂഷണ്‍. അലഹാബാദ് ഹൈക്കോടതിയില്‍ 1979ല്‍ അഭിഭാഷകനായി നിയമ ജീവിതം തുടങ്ങിയ ജസ്റ്റിസ് ഭൂഷണ്‍ 2001ല്‍ അവിടെ ജഡ്ജിയായി. 2014ല്‍ കേരള ഹൈക്കോടതിയിലെക്ക് സ്ഥലംമാറ്റം. ഇവിടെ ആക്ടിങ് ചീഫ് ജസ്റ്റിസായി. 2015ല്‍ ചീഫ് ജസ്റ്റിസായും നിയമിക്കപ്പെട്ടു. 2016 മേയ് 13നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സുപ്രീം കോടതിയില്‍ നിയമിതനായത്.
ജസ്റ്റിസ് അബ്ദുല്‍ നസീര്‍
കര്‍ണാടക ഹൈക്കോടതിയില്‍ 1983ല്‍ അഭിഭാഷകനായി തുടങ്ങിയ ജസ്റ്റിസ് നസീര്‍ 20 വര്‍ഷത്തെ പ്രാക്ടീസിനു ശേഷം 2003ല്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. തൊട്ടടുത്ത വര്‍ഷം സ്ഥിരം ജഡ്ജിയുമായി. 2017ലാണ് സ്ഥാനക്കയറ്റം ലഭിച്ച് സുപ്രീം കോടതി ജഡ്ജിയായത്. മുത്തലാഖ് മതപരമായി തെറ്റാണെന്നും എന്നാല്‍ സുപ്രീം കോടതിക്ക് വ്യക്തി നിയമത്തില്‍ ഇടപെടാനാകില്ലെന്നുമുള്ള സുപ്രധാന ഉത്തരവിലൂടെ ശ്രദ്ധിക്കപ്പെട്ടു.