നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കം; കോടതി മുറികളെ പ്രകമ്പനം കൊള്ളിച്ച കേസ്

ന്യൂദല്‍ഹി- അയോധ്യ-ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി ഇന്ന് തീര്‍പ്പു കല്‍പ്പിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനാണ് വിരാമമാവുന്നത്. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1528 ല്‍ നിര്‍മിച്ച ബാബരി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദമുയര്‍ന്നതോടെ 1859 ല്‍ തര്‍ക്ക പരിഹാരത്തിനായി ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ വേലികെട്ടിതിരിച്ചു. മസ്ജിദിന്റെ അകത്തളം മുസ്ലിംകള്‍ക്കും പുറംഭാഗം ഹിന്ദുക്കള്‍ക്കുമാണ് അനുവദിച്ചത്.
1885 ല്‍ മഹന്ത് രഘുവര്‍ദാസ് ക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വ്യവഹാരങ്ങളുടെ തുടക്കം. ഹരജി ഫൈസാബാദ് കോടതി തള്ളി. അപ്പീലുകള്‍ 1886 മാര്‍ച്ച് 18 ന് ജില്ലാ കോടതിയും നവംബറില്‍ ജ്യുഡീഷ്യല്‍ കമ്മീഷണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ കോടതി വ്യവഹാരങ്ങള്‍ക്ക് അന്ത്യമായി.
1949 ഡിസംബര്‍ 22ന് രാത്രി ബാബരി മസ്ജിദില്‍ രാമവിഗ്രഹം കാണപ്പെട്ടു. ഇരുപക്ഷവും കേസുകൊടുത്തതോടെ തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച് പ്രധാനകവാടം താഴിട്ടുപൂട്ടി. 1950 - ഗോപാല്‍ സിങ് വിശാരദ്, മഹന്ത് പരംഹന്ത് രാമചന്ദ്ര എന്നിവര്‍ ആരാധന നടത്താന്‍ അനുവാദം ചോദിച്ച് ഫൈസാബാദ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകം ആരാധനാ സമയം കോടതി അനുവദിച്ചു. 1959 ല്‍ തര്‍ക്കസ്ഥലം രാമജന്മഭൂമിയാണെന്ന് അവകാശമുന്നയിച്ച് നിര്‍മോഹി അഖാഢ വീണ്ടും കോടതിയെ സമീപിച്ചു.

1961 - മസ്ജിദിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖഫ് ഹര്‍ജി നല്‍കി. 1984 രാമജന്മഭൂമിയില്‍ രാമക്ഷേത്രം പണിയാനായി ഹിന്ദുസംഘടനകള്‍ ചേര്‍ന്ന് സമിതി രൂപീകരിച്ചു. 1986 മസ്ജിദില്‍ പൂജനടത്താന്‍ ഹിന്ദുക്കള്‍ക്ക് അയോധ്യാ ജില്ലാ ജഡ്ജിയുടെ അനുമതി ലഭിച്ചു. തുടര്‍ന്ന്
ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നു.

1989 ല്‍ തര്‍ക്കഭൂമിയില്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ശിലാന്യാസം നടന്നു. മസ്ജിദ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടു. 1990 ല്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ മസ്ജിദ് തകര്‍ക്കാന്‍ ശ്രമം. 1990 സെപ്റ്റംബറില്‍ എല്‍.കെ അദ്വാനി രാമക്ഷേത്രം പണിയാന്‍ പിന്തുണ നേടാനായി രഥയാത്ര നടത്തി. അയോധ്യയിലെത്തുന്നതിനു മുമ്പ് അദ്വാനിയെ അറസ്റ്റുചെയ്തു. 1991 - ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തി.  1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബ്രി മസ്ജിദ് തകര്‍ത്തു.

1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്‍സും. 1994 ഒക്ടോബര്‍ 24, റഫറന്‍സിന് മറുപടി നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി വിധി. വിഷയം അലഹബാദ് ഹൈക്കോടതിയിലേക്ക്. 2010 സെപ്റ്റംബര്‍ 30, തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഹൈക്കോടതി വിധി. 2010 മേയ് 9 ന് വിധിക്ക് സുപ്രീംകോടതി സ്റ്റേ.

2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്. 2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം. 2019 ഒക്ടോബര്‍ 16 ന് 40 ദിവസത്തെ വാദത്തിന് ശേഷമാണ് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയത്.

 

Latest News