ന്യൂദല്‍ഹി- നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. നോട്ട് നിരോധനമെന്ന് തുഗ്ലക്ക് വിഡ്ഢിത്തത്തിന്റെ വാര്‍ഷികമെന്നാണ് സോണിയ വിശേഷിപ്പിച്ചത്. രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ നേരിട്ടാക്രമിച്ച നടപടിയായിരുന്നു നോട്ട് നിരോധനം. ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ ഭരണരീതിയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്. രാജ്യത്തെ നിരപരാധികളായ ജനങ്ങളെ പ്രതികൂലമായി ബാധിച്ച നടപടിയായിരുന്നു നോട്ട് നിരോധനമെന്നും സോണിയ കുറ്റപ്പെടുത്തി.
നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തിലും ബി.ജെ.പി സര്‍ക്കാര്‍ അവകാശപ്പെട്ട ഫലങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷവും ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്നതായാണു കാണുന്നത്. ഈ സാഹചര്യത്തില്‍ നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ ഫലം എന്തായിരുന്നെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും നോട്ട് നിരോധനത്തെക്കുറിച്ചു സംസാരിക്കുന്നത് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യം ഈ ദുരന്തം ക്രമേണ മറക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍, രാജ്യവും രാജ്യത്തിന്റെ ചരിത്രവും ഇത് മറക്കുകയോ പൊറുക്കുകയോ ഇല്ലെന്ന് സോണിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണം എന്നാണ് രാഹുല്‍ ഗാന്ധി നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. നിരവധി ആളുകളുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളെ ഇല്ലാതാക്കുകയും നിരവധി ആളുകളെ തൊഴില്‍ രഹിതരാക്കുകയും ചെയ്ത നടപടിയാണ് നോട്ട് നിരോധനം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇതുവരെ നീതിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സമ്പദ് വ്യവസ്ഥയെ നശിപ്പിച്ച ദുരന്തമായിരുന്നു നോട്ട് നിരോധനമെന്ന് പ്രിയങ്ക ഗാന്ധിയും ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ആരെങ്കിലും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു.