Sorry, you need to enable JavaScript to visit this website.

കാവി പുതപ്പിക്കാനുള്ള ശ്രമത്തില്‍ വീഴില്ലെന്ന് രജനീകാന്ത്

ചെന്നൈ- തിരുവള്ളുവരിനെപ്പോലെ ബി.ജെ.പി തന്നെയും കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ അതില്‍ വീഴില്ലെന്നും നടന്‍ രജനീകാന്ത്. തിരുവള്ളുവര്‍ പ്രതിമയില്‍ കാവി പുതപ്പിച്ചതും രുദ്രാക്ഷം അണിയിച്ചതും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയില്‍ സംവിധായകന്‍ കെ. ബാലചന്ദ്രന്റെ പ്രതിമ അനാഛാദനം ചെയ്യാനായി പോകവേയാണ് രജനീകാന്തിന്റെ പ്രതികരണം. കെ. ബാലചന്ദ്രന്റെ പ്രതിമ രജനീകാന്തും നടന്‍ കമല്‍ഹാസനും ചേര്‍ന്ന് അനാഛാദനം ചെയ്തു.
തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവരുടെ പ്രതിമയില്‍ ഹിന്ദുമക്കള്‍ പാര്‍ട്ടി കാവി ഷാള്‍ പുതപ്പിച്ചത് വിവാദമായിരുന്നു. തഞ്ചാവൂരിലെ പിള്ളയാര്‍പട്ടിയില്‍ നടന്ന ചടങ്ങില്‍ തിരുവള്ളുവരെ രുദ്രാക്ഷമണിയിക്കുകയും ചെയ്തിരുന്നു. തിരുവള്ളുവര്‍ക്ക് ഏറ്റവും യോജിച്ച നിറം കാവിയാണെന്നും അദ്ദേഹം ഹിന്ദുവാണെന്നും ഹിന്ദുമക്കള്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
എന്നെയും കാവി പുതപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഞാന്‍ ബി.ജെ.പിക്കാരനാണെന്ന് മുദ്രകുത്തുകയും ചെയ്യുന്നു. അത് ശരിയല്ല. തങ്ങളുടെ പാര്‍ട്ടിയില്‍ ആളുകള്‍ ചേരുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്തുവേണമെന്നുള്ളത് എന്റെ തീരുമാനമാണ്- അദ്ദേഹം പറഞ്ഞു.
തിരുവള്ളുവരെ കാവി പുതപ്പിച്ചതിനു പിന്നില്‍ ബി.ജെ.പിയുടെ അജണ്ടയാണ്. ഊതിവീര്‍പ്പിച്ച പ്രശ്‌നങ്ങളാണ് രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്.  ഇതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. തിരുവള്ളുവരെ കാവി പുതപ്പിച്ചത് വലിയ കാര്യമായി കാണുന്നില്ലെന്നും രജനീകാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News