- സാമ്പത്തിക തകർച്ചക്കെതിരെ കോൺഗ്രസ് ദേശവ്യാപക പ്രക്ഷോഭം നടത്തും
തിരുവനന്തപുരം- ബി.ജെ.പി സർക്കാരിന്റെ ഭരണംമൂലം ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടി കവിഞ്ഞതായി കോൺഗ്രസ് പ്രവർത്തക സമതി അംഗം എ.കെ.ആന്റണി.
അഞ്ചു വർഷത്തെ ബി.ജെ.പി ഭരണത്തിനിടയിൽ 25,000 ലധികം ബാങ്ക് തട്ടിപ്പുകൾ ഉണ്ടായി. യു.പിഎ സർക്കാരിന്റെ കാലത്ത് ലാഭകരമായി പ്രവർത്തിച്ച ബാങ്കുകൾ ഇപ്പോൾ നഷ്ടത്തിലാണ്. രാജ്യത്ത് സാമ്പത്തിക രംഗത്തും മറ്റു പ്രധാനപ്പെട്ട മേഖലകളിലും ഉണ്ടായ വൻ തകർച്ചയ്‌ക്കെതിരേ കോൺഗ്രസ് ദേശവ്യാപക പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ആദ്യപടിയായി നവം. അഞ്ചു മുതൽ 15 വരെ ദേശീയതലത്തത്തിൽ വിവിധ സമര പരിപാടികൾ അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാംഘട്ട സമരത്തിന്റെ സമാപനത്തിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പടുകൂറ്റൻ റാലി ഡൽഹിയിൽ നടക്കും. അതോടൊപ്പം, അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയങ്ങൾ കോൺഗ്രസ് ശക്തമായി ഉന്നയിക്കുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്യും. മറ്റു പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ കൂട്ടായ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ആന്റണി വ്യക്തമാക്കി. സാമ്പത്തിക കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിനു പകരം അവരെ സംരക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയവരെ രാജ്യം വിടാൻ സഹായിച്ചതായി
വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി തന്ത്രപ്രധാന പ്രതിരോധ വ്യവസായശാലകൾവരെ വിറ്റുതുലയ്ക്കുന്നു. യുദ്ധം പോലുള്ള അടിയന്തര ആവശ്യങ്ങളിലേക്ക് മാറ്റിവച്ചിട്ടുള്ള കരുതൽ ധനം കേന്ദ്രസർക്കാർ നിർബന്ധിച്ചു പിടിച്ചുവാങ്ങുകയാണ്. 3,89,000 കോടി രൂപയാണ് ഇപ്രകാരം മാറ്റപ്പെട്ടത്. ആർ.ബി.ഐ സൂക്ഷിച്ച സ്വർണവും സ്വർണശേഖരവും 1990 ന് ശേഷം ഇതാദ്യമായി ഓപ്പൺ മാർക്കറ്റിൽ വിൽക്കാൻ തുടങ്ങിയിരിക്കുന്നു.
രാജ്യം വലിയ പ്രതിസന്ധിയിലാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. ഗ്രാമീണ സമ്പദ്ഘടനയും കാർഷിക സമ്പദ്ഘടനയും പൂർണമായ തകർച്ചയിലാണ്. അതോടൊപ്പം തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന സ്ഥിതിയിലാണ്. തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാനത്തിലേറെയായി.
ആഗോളതലത്തിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനം എന്ന നിരക്കിൽ നില്ക്കുമ്പോഴാണ് ഇന്ത്യയിൽ അതിന്റെ ഇരട്ടിയോളമായത്.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നു. തൊഴിലില്ലായ്മ പെരുകിയെന്ന് മാത്രമല്ല, സ്വകാര്യ മേഖലയിൽ നിലവിലുള്ള തൊഴിലുകളും വ്യാപകമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമാണ്.
മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച അഞ്ച് ശതമാനം എന്ന നിലയിലേക്കു കൂപ്പുകുത്തി. രാജ്യത്ത് പുതിയ നിക്ഷേപങ്ങളില്ല. വ്യവസായിക വളർച്ച വെറും 1.1 ശതമാനം മാത്രം. മാനുഫാക്ചറിംഗ് ഗ്രോത്ത് 1.2 ശതമാനം നെഗറ്റീവാണ്. കഴിഞ്ഞ നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് കോർ സെക്ടറിന്റെ പ്രകടനം. കയറ്റുമതി കുത്തനേ ഇടിഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരകമ്മി നിലവിൽ 70 ബില്യൻ ഡോളറാണ്. ഇപ്പോഴത്തെ കണക്കു പ്രകാരം ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ മാത്രം ഇറക്കുമതി 2020 ൽ 300 ബില്യൻ കവിയും. ഈ സാധനങ്ങളിൽ 90 ശതമാനവും ചൈനയുടേതാണ്. പുതിയ കരാർ പ്രകാരം ഇറക്കുമതി തീരുവ കുറയ്ക്കുന്നതോടെ ചൈനീസ് ഉൽപന്നങ്ങളുടെ കുത്തൊഴുക്കിൽ ഇന്ത്യയുടെ ചെറുകിട ഇടത്തരം സംരംഭങ്ങളും കച്ചവടക്കാരും വ്യാപാരികളും തകരും.
ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ക്ഷീരോൽപന്നങ്ങൾ വരുന്നതോടെ രാജ്യത്തെ 10 കോടി ക്ഷീരകർഷകർ വൻ തകർച്ച നേരിടും. ഈ രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഇനങ്ങൾ കൂടി എത്തുമ്പോൾ തകർച്ച പൂർണമാകും.
ഇന്ത്യൻ കാർഷികമേഖല, ക്ഷീരമേഖല, മത്സ്യമേഖല, ചെറുകിട ഇടത്തരം വ്യവസായ മേഖല, കച്ചവടക്കാർ, വ്യാപാരികൾ തുടങ്ങിയവർ തകർന്നാൽ ജനജീവിതം അതീവ ദുസ്സഹമാകും. ഇപ്പോൾ തന്നെ ഭയാനകമായ തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത് തൊഴിലില്ലായ്മ സ്‌ഫോടനാത്മകമായ സ്ഥിതിയിലേക്ക് എത്തിച്ചേരും.
മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിടാൻ ബി.ജെ.പി സർക്കാർ നടത്തിയ നീക്കം തന്നെ അങ്ങേയറ്റം തെറ്റായിപ്പോയി. ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ വഞ്ചിക്കാനാണ് അവർ ഇറങ്ങിപ്പുറപ്പെട്ടത്.
കോൺഗ്രസ് യഥാസമയം ശക്തമായ എതിർപ്പുമായി രംഗത്തിറങ്ങിയതുകൊണ്ട് മാത്രമാണ് രാജ്യത്തെ വലിയൊരു വിപത്തിൽനിന്നു സംരക്ഷക്കാൻ സാധിച്ചത്. എന്തു സമ്മർദം ഉണ്ടായാലും ഇത്തരമൊരു കരാറിൽ ഒപ്പിടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മതിക്കില്ലെന്നും ആന്റണി പറഞ്ഞു.