മലപ്പുറം- പ്രളയ ബാധിതരുടെ ബാങ്ക് വായ്പകൾക്ക് കാലാവധി നീട്ടി ലഭിക്കുമെങ്കിലും പലിശയിൽ ഇളവു ലഭിക്കില്ല. സംസ്ഥാനത്തെ പ്രളയബാധിത വില്ലേജുകളിലെ താമസക്കാരുടെ വായ്പകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിനുള്ള ചട്ടങ്ങളിൽ ബാങ്കുകൾക്ക് പലിശ വാങ്ങാമെന്ന നിബന്ധന ഉൾപ്പെടുത്തിയത് വായ്പയെടുത്തവർക്ക് തിരിച്ചടിയാകും. വായ്പയുടെ കാലാവധി നീട്ടി കിട്ടുമെങ്കിലും മൊറട്ടോറിയം കാലാവധിയിലും പലിശ ഈടാക്കുമെന്നതിനാൽ ഫലത്തിൽ വായ്പാ സംഖ്യയിൽ വൻ വർധനവുണ്ടാകും.
സംസ്ഥാന സർക്കാർ പ്രളയ ബാധിതമായി പ്രഖ്യാപിച്ച വില്ലേജുകളിൽ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നടപ്പാക്കുന്ന വായ്പ മൊറട്ടോറിയമാണ് വായ്പയെടുത്തവർക്ക് അധികബാധ്യത ഉണ്ടാക്കുന്നത്. മോറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസം 25 ആണ്. 2019 ജൂലൈ 31 വരെ കുടിശ്ശികയില്ലാത്ത വായ്പകൾക്കാണ് മൊറട്ടോറിയം ആനുകൂല്യം ലഭിക്കുക. അർഹരായവർ 25 ന് മുമ്പ് വായ്പ എടുത്ത ബാങ്ക് ശാഖയിൽ അപേക്ഷ നൽകണം.
വായ്പ തിരിച്ചടവിന് അവധി, സാവകാശം നൽകുന്നതാണ് മൊറട്ടോറിയം. മൊറട്ടോറിയം കാലത്ത് ബാങ്കുകൾ നിലവിലെ പലിശ ഈടാക്കും. കാലാവധിക്കു ശേഷം ഈ പലിശ മുതലിനോട് കൂട്ടിച്ചേർത്ത് പുതുക്കിയ മാസഗഡു കണക്കാക്കുകയാണ് ചെയ്യുകയെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. ഇതോടെ വായ്പാ സംഖ്യയിൽ വർധനവു വരും. തുടർന്ന് വർധിച്ച സംഖ്യക്കുള്ള പലിശയാകും അടക്കേണ്ടി വരുന്നത്. വലിയ തുക വായ്പയെടുത്തവർക്ക് മൊറട്ടോറിയം കാലാവധിയിലെ പലിശ തന്നെ ഭീമമായ തുക വരും.
ഹ്രസ്വകാല, ദീർഘകാല കൃഷി വായ്പ, കൃഷി അനുബന്ധ വായ്പ, സൂക്ഷ്മ, ചെറുകിട, ഇടത്തം സംരംഭത്തിനുള്ള വായ്പ, ഭവന, വിദ്യാഭ്യാസ വായ്പകൾ എന്നിവക്കാണ് മൊറട്ടോറിയം നൽകുന്നത്. വിദ്യാഭ്യാസ വായ്പകൾക്ക് ആറു മാസവും മറ്റുള്ളവയ്ക്ക് 12 മുതൽ 18 മാസം വരെയുമാണ് കാലാവധി.
ഹ്രസ്വകാല കൃഷി വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം അടക്കം പരമാവധി അഞ്ചു വർഷത്തെ തിരിച്ചടവ് കാലാവധി ലഭിക്കും.
പ്രകൃതിക്ഷോഭത്തിൽ വിളനഷ്ടം സംഭവിച്ചവർക്ക് ജില്ലയിലെ ഉൽപാദന വായ്പത്തോത് അനുസരിച്ചുള്ള പുതിയ വായ്പകൾ അനുവദിക്കാനും ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചിട്ടുണ്ട്. ദീർഘകാല കൃഷി വായ്പകൾക്കും കാർഷിക അനുബന്ധമായ പശു, ആട്, കോഴി വളർത്തൽ മുതലായ വായ്പകൾക്കും 12 മാസം മുതൽ 18 മാസം വരെ മൊറട്ടോറിയം ലഭിക്കും. കഴിഞ്ഞ വർഷം മൊറട്ടോറിയം ലഭിച്ചവരുടെ വില്ലേജ് ഇത്തവണയും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഈ വർഷവും അർഹതയുണ്ടായിരിക്കും. കഴിഞ്ഞ വർഷം അപേക്ഷിക്കാത്തവർക്ക് കുടിശ്ശിക ഇല്ലെങ്കിൽ ഈ വർഷം അപേക്ഷിക്കാം. 25 ന് മുമ്പ് അപേക്ഷ നൽകിയില്ലെങ്കിൽ ആനുകൂല്യത്തിനുള്ള അർഹത നഷ്ടപ്പെടും.