ന്യൂദല്‍ഹി- വിദേശ സവോള ഇന്ത്യയിലെത്തി, വില കുറഞ്ഞു തുടങ്ങും. കൃഷി മന്ത്രാലയം നല്‍കുന്ന സൂചന അനുസരിച്ച് ഇതിനോടകം 2,500 ടണ്‍ ഉള്ളി ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അത് ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. വിദേശത്തുനിന്നും എത്തിച്ചേര്‍ന്നിരിക്കുന്ന 80 കണ്ടെയ്‌നറുകളില്‍ 70 എണ്ണം ഈജിപ്തില്‍ നിന്നും 10 എണ്ണം നെതര്‍ലാന്‍ഡില്‍ നിന്നുമാണ്. അതുകൂടാതെ, 3000 ടണ്‍ വിദേശ ഉള്ളി ഇന്ത്യയില്‍ ഉടന്‍ തന്നെ എത്തിച്ചേരുമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ ഒരു കിലോ സവോളയുടെ വില 50 രൂപയായിരുന്നത് ഈയാഴ്ച 100 രൂപവരെയെത്തിയിരിക്കുകയാണ്. ഈ അവസരത്തിലാണ് സവോള വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.
ഉള്ളി ലഭ്യതയിലെ ക്ഷാമവും കുതിച്ചുയരുന്ന ചില്ലറ വിപണിയിലെ കനത്ത വിലയുമാണ് വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇറാന്‍, തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ സവോള ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ 3 മാസത്തോളമായി സവോള വില ഉയര്‍ന്നു തന്നെയാണ്. ഉള്ളി വില ഉയര്‍ന്നതോടെ പച്ചക്കറി പൂഴ്ത്തിവയ്പ്പുകാര്‍ക്ക് ഭാഷ്യവകുപ്പ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, രാജ്യത്ത് സവോള ലഭ്യത നിലനിര്‍ത്താന്‍ കയറ്റുമതി സെപ്റ്റംബര്‍ അവസാന വാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു.
രാജ്യത്തെ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തവണയുണ്ടായ കനത്ത വെള്ളപ്പൊക്കമാണ് ഈയവസരത്തില്‍ സവോളയ്ക്ക് ക്ഷാമവും ഒപ്പം കനത്ത വിലയുമാവാന്‍ കാരണം.ഇന്ത്യയില്‍ ഏറ്റവുമധികം സവോള ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയാണ് മുന്‍പന്തിയില്‍.