ഹൈദരാബാദ്- ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിക്കുവേണ്ടി നിര്‍മിക്കുന്ന വീടിന്റെ ജനലുകള്‍ക്കും വാതിലുകള്‍ക്കുമായി 73 ലക്ഷം രൂപ അനുവദിച്ചതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. അതീവസുരക്ഷയും ഉന്നത നിലവാരവുമുള്ള ജനലുകളും വാതിലുകളും സ്ഥാപിക്കാനാണ് 73 ലക്ഷം രൂപ സര്‍ക്കാര്‍ പാസാക്കിയത്.
മുഖ്യമന്ത്രിയുടെ വസതിക്കായി 16 കോടി രൂപയോളമാണ് ചെലവഴിക്കുന്നത്. വിജയവാഡയിലെ തടേപ്പള്ളി ഗ്രാമത്തിലുള്ള വസതിയിലേക്കായി മൂന്നു കോടി ചെലവിട്ട് റോഡ് പണിതതും വിവാദത്തിലായിരുന്നു. മെയ് 30ന് അധികാരമേറ്റ ജഗന്‍ ജൂലൈ 25നാണ് സ്വന്തം വസതിയിലേക്ക് റോഡ് നിര്‍മിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം രണ്ടുകോടി രൂപയോളം ചെലവഴിച്ച് ഹെലിപാഡ് നിര്‍മിക്കുകയും സുരക്ഷക്കായി ഗാര്‍ഡ് റൂം, പോലീസ് ബാരക്, സെക്യൂരിറ്റി പോസ്റ്റ് എന്നിവ സ്ഥാപിക്കുന്നതിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ജൂലൈയില്‍ 24.5 ലക്ഷം ചെലവഴിച്ചാണ് ഹൈദരാബാദിലെ തന്റെ വസതി പുതുക്കുകയും സുരക്ഷ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്.
കഴിഞ്ഞ അഞ്ചുമാസമായി നടക്കുന്ന മുഖ്യമന്ത്രിയുടെ ദുര്‍ഭരണത്തിലൂടെ ആന്ധ്രാപ്രദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ആരോപിച്ചു. ഒരു രൂപ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിയെന്ന് പറഞ്ഞു നടക്കുന്ന ജഗന്റെ കാപട്യമാണ് വീടുനിര്‍മാണത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് നായിഡുവിന്റെ മകനും ടി.ഡി.പി നേതാവുമായ എന്‍. ലോകേഷ് ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചെലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം നേരത്തെ ജഗന്‍ പൊളിച്ചുനീക്കിയിരുന്നു.